Sorry, you need to enable JavaScript to visit this website.

ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് സൗദി മന്ത്രിമാർ പൊതുസ്ഥലത്ത് മാസ്‌ക് ഊരി

റിയാദ്- പൊതുജനങ്ങൾക്ക് ആവേശവും ആശ്വാസവുമായി സൗദി മന്ത്രിമാർ പൊതുസ്ഥലത്ത് വെച്ച് മാസ്‌ക് ഊരി. സൗദി മുൻ ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ തന്റെ കൂടെ പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ എത്തിയപ്പോഴാണ് സംഭവം. പുതിയ ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിലും തൗഫീഖ് അൽ റബീഅയും മാസ്‌ക് ഊരിയത്. മികച്ച പ്രവർത്തനമാണ് താങ്കൽ കാഴ്ചവെച്ചതെന്ന് തൗഫീഖ് അൽ റബീഅയോട് പുതിയ ആരോഗ്യമന്ത്രി പറഞ്ഞു. തനിക്കൊപ്പം നിന്ന മുഴുവനാളുകൾക്കും തൗഫീഖ് അൽ റബീഅ നന്ദി പറഞ്ഞു. 
അതേസമയം, കോവിഡ് മുൻകരുതൽ നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ പ്രഖ്യാപിച്ച ആരോഗ്യ പ്രോട്ടോകോളുകളും സ്വദേശികളും വിദേശികളും പാലിച്ചതിന്റെ ഫലമായാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനം ഭരണാധികാരികൾ കൈക്കൊണ്ടതെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് ഹിശാം ബിൻ സഈദ് പറഞ്ഞു. കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷം വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും മസ്ജിദുന്നബവി സിയാറത്തിനും തവക്കൽനാ ആപ്പ് വഴി കോടിക്കണക്കിന് പെർമിറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഇരു ഹറമുകളിലും പ്രവേശനം ക്രമീകരിക്കാനും സന്ദർശകരുടെ ആരോഗ്യ നില ഉറപ്പുവരുത്താനും വേണ്ടി, വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും മസ്ജിദുന്നബവി സിയാറത്തിനും തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി ഇപ്പോഴും പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്. വിശുദ്ധ ഹറമിൽ പൂർണ ശേഷിയിൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന് ഹറംകാര്യ വകുപ്പിനെയും ആഭ്യന്തര മന്ത്രാലയത്തെയും ഹജ്, ഉംറ മന്ത്രാലയത്തെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു. 
കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കുന്നതിന്, വിശുദ്ധ കഅ്ബാലയത്തോടു ചേർന്ന മതാഫിൽ ത്വവാഫ് കർമം നിർവഹിക്കുന്ന തീർഥാടകരെ മാത്രമേ അനുവദിക്കൂ എന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. ത്വവാഫ് കർമം പൂർത്തിയാക്കിയ ശേഷമുള്ള രണ്ടു റകഅത്ത് സുന്നത്ത് നമസ്‌കാരം നിർവഹിക്കാൻ ഒന്നാം നിലയിൽ ഏതാനും സ്ഥലങ്ങൾ നീക്കിവെച്ചിട്ടുണ്ട്. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കുന്നതിന് മസ്അയുടെ എല്ലാ നിലകളും പ്രയോജനപ്പെടുത്തും. തീർഥാടകരുടെയും ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വർധന മുന്നിൽ കണ്ട് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഹറംകാര്യ വകുപ്പ് പറഞ്ഞു.
 

Latest News