Sorry, you need to enable JavaScript to visit this website.

ഹുറൂബിന്റെ വശ്യമനോഹാരിത  

പച്ചപുതച്ച മലനിരകളും താഴ്‌വരകളും. സൗദിയുടെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന നല്ല കാലാവസ്ഥ. കാലിവളർത്തലും കൃഷിയും ഉപജീവനമാക്കിയ നാട്ടുകാർ. നഗരവൽക്കരണം ശക്തമല്ലാത്തതിനാൽ കാര്യമായ ആഘാതം ഏൽക്കാത്ത പരിസ്ഥിതി. ദക്ഷിണ സൗദിയിലെ ജിസാൻ പ്രവിശ്യയിലെ ഹുറൂബിന്റെ പ്രത്യേകതകളാണിവ. ഹുറൂബിന്റെ വശ്യമനോഹാരിതയും പ്രകൃതി ഭംഗിയും വ്യക്തമാക്കുന്ന ചിത്രങ്ങൾ പകർത്തുന്നതിന് ഫോട്ടോഗ്രഫി ഹോബിയാക്കിയ നിരവധി യുവാക്കൾ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്ന് ഇവിടെ എത്തുന്നുണ്ട്. 


ലോകത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കവച്ചുവെക്കുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഹുറൂബിലുണ്ടെന്ന് സൗദി ഫോട്ടോഗ്രഫർ മുസ്തഫ അൽസ്വഹ്‌ലൂലി പറഞ്ഞു. റസാൻ, ശഹ്ദാൻ താഴ്‌വരകൾ, ശൈത്യകാലത്ത് പൂജ്യം ഡിഗ്രി വരെ താപനില കുറയുന്ന, വേനൽക്കാലത്ത് സമശീതോഷ്ണം അനുഭവപ്പെടുന്ന, ആകാശത്തേക്ക് തല ഉയർത്തി നിൽക്കുന്ന പർവതങ്ങൾ എന്നിവയെല്ലാം ഹുറൂബിലെ നയനാനന്ദകരമായ കാഴ്ചകളാണ്. മുൻജിദ്, നഅ്മ, അൽഖർന, അൽശദീദ് എന്നിവ ഹുറൂബിലെ പ്രധാന പർവതങ്ങളാണ്. 


അരുവികൾ ചാലിട്ടൊഴുകുന്ന മഴക്കാലത്ത് പർവതങ്ങൾ കൂടുതൽ സുന്ദരികളാകും. അരുവികൾ ഒഴുകുന്ന, പച്ചപുതച്ച താഴ്‌വരകളുടെ മലമുകളിൽ നിന്നുള്ള കാഴ്ച വർണനാതീതമാണ്. പർവതങ്ങളിലും താഴ്‌വരകളിലും കൂറ്റൻ മരങ്ങൾ വളരുന്നു. പച്ചപുതച്ച സമതലങ്ങളിൽ ജലസേചന കനാലുകളുണ്ട്. നിരവധി പുരാവസ്തുക്കളും ഹുറൂബിലുണ്ട്. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ ഹോട്ടലുകളും പാർക്കുകളും മറ്റു അനുബന്ധ പശ്ചാത്തല സൗകര്യങ്ങളും ഇവിടെയുണ്ട്. 


വിനോദ സഞ്ചാര വ്യവസായത്തിന് ഹുറൂബിലെ സാധ്യതകൾ ഇനിയും വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല. 
റോഡുകളും ഹോട്ടലുകളും പാർക്കുകളും മറ്റു അനുബന്ധ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി പ്രദേശത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടികളെടുക്കണം. പ്രദേശത്തിന്റെ പ്രകൃതി മനോഹാരിത വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഹുറൂബിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഫോട്ടോഗ്രഫർമാർക്ക് പങ്ക് വഹിക്കുന്നതിന് സാധിക്കുമെന്നും മുസ്തഫ അൽസ്വഹ്‌ലൂലി പറഞ്ഞു.


ജിസാനിൽ നിന്ന് 110 കിലോമീറ്റർ ദൂരെയുള്ള ഹുറൂബിൽ ഏതാനും ഗോത്രങ്ങൾ വസിക്കുന്നു. ഹുറൂബ് ഇബ്രാഹിം അൽഹുറൂബി, അൽസ്വഹാലീൽ, അൽഅസ്‌യീൻ, ബനീഖുറാദ്, ബനീമജ്ഹൽ, ബനീഅഹ്മദ്, അൽമഗ്ഫിറ, ബനീമശീഖ് എന്നിവ ഇവിടുത്തെ പ്രധാന ഗോത്രങ്ങളാണ്. കുന്നിൻ ചെരിവുകളിൽ വെട്ടിയുണ്ടാക്കിയ പാടങ്ങളിലാണ് ഇവിടെ കൃഷികൾ നടത്തുന്നത്. 
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി പരിവർത്തിപ്പിക്കുന്നതിന് ഹുറൂബിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെന്ന് ഹുറൂബ് ഗവർണർ അഹ്മദ് അൽഫൈഫി പറഞ്ഞു.

പ്രദേശത്ത് റോപ്‌വേ നിർമിക്കുന്നതിനുള്ള ആശയം ഉയർന്നുവന്നിട്ടുണ്ട്. വൈകാതെ ഈ പദ്ധതി യാഥാർഥ്യമാകും. ഹുറൂബിലെ ജനകീയ പൈതൃകങ്ങൾക്ക് മ്യൂസിയം സ്ഥാപിക്കുന്നുണ്ട്. 
നഗരസഭയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തിന്റെ പൈതൃകങ്ങളും സംസ്‌കാരവും അടുത്തറിയുന്നതിന് മ്യൂസിയം വിനോദ സഞ്ചാരികളെ സഹായിക്കുമെന്നും ഗവർണർ പറഞ്ഞു.

Latest News