ഹിമാലയം കയറാനുള്ള ശ്രമത്തിനിടെ ജിദ്ദ പ്രവാസിയുടെ മകന്‍ ശ്വാസതടസ്സംമൂലം നിര്യാതനായി

ജിദ്ദ- ഹിമാലയ പര്‍വതാരോഹണത്തിനിടെ ജിദ്ദയിലുള്ള മലയാളി യുവാവ് നിര്യാതനായി. 18 കാരനായ മാസിന്‍ ആണ് മരിച്ചത്. ശ്വാസം ലഭിക്കാതായതാണ് മരണകാരണം. ശനിയാഴ്ചയാണ് സംഭവം.

ജിദ്ദ പ്രവാസിയായ സൈഫു വണ്ടൂരിന്റെ മകനായ മാസിന്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി കൂടിയാണ്. ജിദ്ദയിലെ കൃഷിഗ്രൂപ്പായ കൂട്ടത്തിന്റെ സെക്രട്ടറിയാണ് സൈഫു. ജിദ്ദ ഡാന്‍സ് ഗ്രൂപ്പിലെ സജീവ സാന്നിധ്യവും സോക്കര്‍ ഫ്രീക്‌സ് ഫുട്ബാള്‍ അക്കാദമിയില്‍ അംഗവുമായിരുന്നു മാസിന്‍.

ഗൈഡുകളോ മറ്റ് സുഹൃത്തുക്കളോ ഇല്ലാതെ ഒറ്റക്കാണ് മാസിന്‍ പര്‍വതാരോണത്തിന് ശ്രമിച്ചതെന്ന് മൗണ്ട് എവറസ്റ്റ് ടുഡേ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. ഖുംബു പസാങ്ങില്‍ ഹോട്ടലിലായിരുന്നു വ്യാഴാഴ്ച മുതല്‍ താമസം.

യുവാവ് ശ്വാസം കിട്ടാതെ ബോധരഹിതനായ ഉടന്‍ ഹിമാലയന്‍ ആള്‍ടിട്യൂഡ്  ഹെല്‍ത് പോസ്റ്റിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് ഹെലികോപ്റ്ററിലെത്തി  നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം താഴെയെത്തിച്ചു.

നംഷെയില്‍നിന്ന് രണ്ട് ദിവസം നടന്നാലെത്തുന്ന ഈ സ്ഥലത്ത് മൊബൈല്‍ ശൃംഖലകള്‍ പ്രവര്‍ത്തനക്ഷമമല്ല. പര്‍വതാരോഹകര്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ അതൊന്നും ചെയ്യാതെയാണ് മാസിന്‍ കയറിയത്. ഏതുഭാഗത്തുനിന്നാണ് ഇയാള്‍ കയറിയതെന്നതും അവ്യക്തമാണെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News