മഴക്കെടുതി: സ്‌കൂള്‍ തുറക്കല്‍ വൈകിയേക്കും

കോഴിക്കോട്- തെക്കന്‍ കേരളത്തില്‍  രൂക്ഷമായ പ്രകൃതി ക്ഷോഭം സ്‌കൂള്‍ തുറക്കലിനെയും ബാധിച്ചേക്കും. കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷം പൂട്ടിക്കിടന്ന വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് മഴക്കെടുതി.  
നിരവധി വിദ്യാലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാറിയിരിക്കുകയാണ്. വെള്ളം ഇറങ്ങി ഒരാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ വീടുകളും മറ്റും വൃത്തിയാക്കി കുടുംബങ്ങള്‍ക്ക് തിരിച്ചുപോകാനാവൂ. ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്നതിനാല്‍ സ്‌കൂള്‍ കെട്ടിടവും പരിസരവും കാടുപിടിച്ചു കിടക്കുകയാണ്. ഇവ വൃത്തിയാക്കുന്ന പ്രവൃത്തി ആരംഭിച്ചതേയുണ്ടായിരുന്നുള്ളൂ.
ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ 18 ന് അവസാനിക്കാനിരുന്നതാണ്. മഴക്കെടുതി കാരണം പരീക്ഷ മാറ്റി. ഇത് എന്ന് നടത്തുമെന്ന് പ്രഖ്യാപിട്ടില്ല. മാര്‍ച്ചില്‍ നടക്കേണ്ട പരീക്ഷയാണിത്. സെപ്റ്റംബര്‍ ആറിന് നടത്തുമെന്ന് പ്രഖ്യാപിച്ച് ഒരുങ്ങവെ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെക്കുകയും പിന്നീട് നടത്തുകയുമായിരുന്നു. ചില കോമ്പിനേഷനുകള്‍ക്ക് പരീക്ഷ പൂര്‍ത്തിയായിട്ടുണ്ട്. ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ക്കാണ് 18ന് പരീക്ഷ നടക്കേണ്ടിയിരുന്നത്. 20ന് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി എടുക്കാവൂവെന്ന മാനദണ്ഡം പാലിക്കാതെയാണ് ക്യാമ്പുകള്‍ തുടങ്ങാനിരുന്നത്. ഇതും മാറ്റിവെക്കേണ്ടിവരും.
നവംബര്‍ ഒന്നിന് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും 10, 12 ക്ലാസുകളുമാണ് വിദ്യാലയങ്ങളില്‍ തുടങ്ങാന്‍ നിശ്ചയിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്നു ദിവസം ക്ലാസ് ലഭിക്കത്തക്ക വിധം ബാച്ചുകള്‍ തിരിച്ചു ക്ലാസ് നടത്താനായിരുന്നു പദ്ധതി. കോളജുകളില്‍ ക്ലാസുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ തുടങ്ങിയിട്ടില്ല.

 

 

 

Latest News