VIDEO ബഹിരാകാശത്തെ ആദ്യ സിനിമാ ഷൂട്ടിങ് കഴിഞ്ഞ് റഷ്യന്‍ താരങ്ങള്‍ ഭൂമിയില്‍ തിരിച്ചെത്തി

മോസ്‌കോ- ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി 12 ദിവസങ്ങള്‍ക്കു ശേഷം റഷ്യന്‍ സംവിധായകനും നടിയും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശത്ത് നിലകൊള്ളുന്ന ഇന്റര്‍നാഷനല്‍ സ്‌പേസ് സ്റ്റേഷനിലായിരുന്നു ഷൂട്ടിങ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സൂയസ് എംഎസ്-18 എന്ന ബഹിരാകാശ പേടകത്തിലാണ് സിനിമാപ്രവര്‍ത്തകരായ യുലിയ പെരെസില്‍ദ്, ക്‌ലിം ഷിലെങ്കോ എന്നിവര്‍ തിരിച്ചെത്തിയത്. ആറു മാസമായി ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന റഷ്യന്‍ ബഹിരാകാശ സഞ്ചാരി ഒലെഗ് നോവിറ്റ്‌സ്‌കിയാണ് ഇവരെ തിരിച്ചെത്തിച്ചത്. ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന മൂന്ന് റഷ്യന്‍ ഗവേഷകരും സിനിമയില്‍ മുഖം കാണിക്കുന്നുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് താരങ്ങള്‍ ഭൂമിയിലില്‍ തിരിച്ചിറങ്ങുന്ന രംഗവും ചിത്രീകരിച്ചിട്ടുണ്ട്. ഇതും സിനിമയില്‍ ഉള്‍പ്പെടുത്തും.
 
കസക്സ്ഥാനിലെ റഷ്യയുടെ നിയന്ത്രണത്തിലുള്ള ബയ്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് റോക്കറ്റിലേറി കുതിച്ചത്. പ്രശസ്ത ബഹിരാകാശ സഞ്ചാരി ആന്റന്‍ ഷ്‌കപ്ലെറോവിന്റെ കൂടെയായിരുന്നു യാത്ര. ദി ചലഞ്ച് എന്ന പുതിയ സിനിമയാണ് ബഹിരാകാശത്ത് ആദ്യമായി ചിത്രീകരിക്കുന്ന സിനിമ. ഹോളിവുഡ് താരം ടോം ക്രൂയ്‌സ് ഇലന്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സുമായും നാസയുമായും ചേര്‍ന്ന് ബഹിരാകാശത്ത് സിനിമ നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ സിനിമ യാഥാര്‍ത്ഥ്യമായാല്‍ ഈ ഹോളിവുഡ് ചിത്രത്തിന് റെക്കോര്‍ഡ് നഷ്ടമാകും.

Latest News