ലോയയുടെ മരണം: രണ്ട് ജഡ്ജിമാരുൾപ്പെടെ 11 പേരെ വിസ്തരിക്കണമെന്ന് ഹർജി

ന്യൂദൽഹി- ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിചേർക്കപ്പെട്ട വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്നതിനിടെ ജഡ്ജ് ബി എച്ച് ലോയ ദുരൂഹമായി മരണപ്പെട്ട സംഭവത്തിൽ രണ്ട് ജഡ്ജിമാർ ഉൾപ്പെടെ 11 പേരെ കോടതിയിൽ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഹർജി. ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കവെ ബോംബെ ലോയേഴസ് അസോസിയേഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഈ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത്. 

മഹാരാഷ്ട്ര ഇന്റലിജൻസ് വകുപ്പ് ഡയറക്ടർ ജനറൽ സഞ്ജീവ് ബർവെ, നാഗ്പൂരിലെ സായ് റീജൻസി നിവാസി ഡോ. പ്രശാന്ത് ബജ്‌റംഗ് രതി, കാരവൻ ലേഖകൻ നിരഞ്ജൻ ടകലെ, മഹാരാഷ്ട്ര ലീഗൽ സർവീസ് അതോറിറ്റി ശ്രീകാന്ത് ഡി കുർക്കർണി, പൂനെ പ്രിൻസിപ്പൽ ജഡ്ജ് എസ് എം മൊദക്, ഗ്രേറ്റർ ബോംബെ അഡീഷണൽ സെഷൻസ് ജഡ്ജ് വിജയ് സി ബർദെ, നാഗ്പൂർ ദാന്ദെയിലെ ഡോ. പിനാക് ഗംഗാധർ റാവു, ലോയയുടെ മകൻ അനുജ് ബ്രിജ് ഗോപാൽ ലോയ, ഭാര്യ ശർമിള ബ്രിജ് ലോയ, അച്ഛൻ ഹരി കിഷൻ രാമചന്ദ്ര ലോയ, സഹോദരി ഡോ. അനുരാധ ബാൽപ്രസാദ് ബിയാനി എന്നിവരെ വിസ്തരിക്കണമെന്നാണ് ദവെ ആവശ്യപ്പെട്ടത്. 

മഹാരാഷ്ട്ര ഇന്റലിജൻസ് കമ്മീഷണർ രേഖപ്പെടുത്തിയ സാക്ഷി മൊഴികൾ ബലപ്രയോഗത്തിലൂടെ എടുത്തതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പുറത്തു വന്ന തെളിവുകളും സാക്ഷികളുടെ മൊഴികളിലും വൈരുധ്യമുണ്ട്. സാക്ഷിമൊഴികൾ സത്യമല്ലെന്നാണ് കാരവൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളും വിവിധ സംഘടനകളും നടത്തിയ അന്വേഷണം സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സത്യം പുറത്തു കൊണ്ടുവരാൻ സർക്കാർ തയാറാക്കിയ റിപ്പോർട്ടിനെ മാത്രം കോടതി ആശ്രയിക്കരുതെന്നും ദവെ ആവശ്യപ്പെട്ടു.

മരിക്കുന്നതിനു തൊട്ടുമുമ്പായി ലോയയുടെ സുരക്ഷ മഹാരാഷ്ട്ര സർക്കാർ എടുത്തുമാറ്റിയതിലും ദുരൂഹതയുണ്ടെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. ലോയയുടെ അവസാന നാളുകളിൽ അദ്ദേഹത്തിനു സുരക്ഷ നൽകുന്നതിൽ വീഴച വരുത്തിയ സർക്കാർ സത്യം പുറത്തുവരരുതെന്നതിനാലാണ് സ്വതന്ത്ര അന്വേഷണത്തെ എതിർക്കുന്നതെന്നും ദവെ ചൂണ്ടിക്കാട്ടി.
 

Latest News