കടയില്‍നിന്ന് ലഘുഭക്ഷണം വാങ്ങി കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു

റായ്ബറേലി- ഉത്തര്‍പ്രദേശില്‍ കടയില്‍നിന്ന് വാങ്ങിയ ലഘുഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. അവിലും നംകീനും കഴിച്ച എട്ട്, ഏഴ്, അഞ്ച് വയസ്സായ കുട്ടികളാണ് മരിച്ചത്. റായ്ബറേലി ജില്ലയിലെ ഇനായത്തുല്ലാപുര്‍ പാട്ടി ഗ്രാമത്തിലാണ് സംഭവം.
നവീന്‍ കുമാര്‍ സിംഗിന്റെ മക്കളായ പാരി, വിധി, പിഹു എന്നിവര്‍ കടയില്‍നിന്ന് വാങ്ങിയ സ്‌നാക്ക്‌സ് കഴിച്ചയുടനെ ഛര്‍ദിക്കുകയായിരുന്നു. ബന്ധുക്കള്‍ മൂന്നു പേരെയും ഉടന്‍ തന്നെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചു. ഇവിടെ വെച്ച് ഒരു കുട്ടി മരിച്ചു. രണ്ടു കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് രണ്ട് കുട്ടികള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി കുട്ടികള്‍ സ്‌നാക്ക് വാങ്ങിയ കടയില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. കടയുടമയേയും രണ്ട് മക്കളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest News