സയിദ് അലിഷാ ഗീലാനിയുടെ പൗത്രനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ശ്രീനഗർ- കഴിഞ്ഞ മാസം അന്തരിച്ച കശ്മീര്‍ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ പൗത്രനെ പാകിസ്ഥാന്‍ ബന്ധവും നിയമന ക്രമക്കേടും ആരോപിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. സംഘര്‍ഷത്തിനു പകരമായാണ് പൗത്രന്‍ അനീസുല്‍ ഇസ്‌ലാമിന് സര്‍ക്കാര്‍ ജോലി അലി ഷാ ഗീലാനി ഉറപ്പാക്കിയതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ജമ്മു കശ്മീര്‍ ടൂറിസം വകുപ്പിനു കീഴിലുള്ള ഷേറെ കശ്മീര്‍ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ റിസര്‍ച് ഓഫീസറായിരുന്നു അനീസുല്‍ ഇസ്‌ലാം. 2016ല്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തി മുഖ്യമന്ത്രി ആയിരിക്കെയാണ് അനീസിന് നിയമനം ലഭിച്ചത്. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒതുക്കി തീര്‍ക്കാന്‍ അലി ഷാ ഗീലാനിയും മുന്‍മുഖ്യമന്ത്രി മെഹബൂബയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് അനീസിന് ഗസറ്റഡ് പോസ്റ്റില്‍ നേരിട്ട് നിയമനം നല്‍കിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

ജോലി ലഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് അനീസ് പാകിസ്ഥാനിലേക്ക് പോയിരുന്നതായും നിയമനത്തിന് ഉന്നത തല സര്‍ക്കാര്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും റിക്രൂട്ട്‌മെന്റില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ കശ്മീര്‍ ഭരണകൂടം പറയുന്നത്. ശ്രീനഗറില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ചിത്രീകരിക്കാന്‍ ഡ്രോണുകള്‍ പറത്താന്‍ ചിലര്‍ക്ക് അനീസ് സഹായം ചെയ്തതായും ആരോപിക്കപ്പെടുന്നു.
 

Latest News