മത്സ്യ തൊഴിലാളികളോടുള്ള സ്‌നേഹം വെറും പറച്ചിൽ മാത്രം. കടലിൽ കാണാതായവർക്കുള്ള തെരച്ചിലിന് സർക്കാർ സഹായമില്ല

പൊന്നാനി: പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിന് വേണ്ടി സർക്കാറിന്റെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് മത്സ്യ തൊഴിലാളികൾ. മഴ കനത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ തെരച്ചിൽ നിർത്തി വെച്ചിരിക്കുകയാണ്. തെരച്ചിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ മത്സ്യത്തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. ഇതിനായി  മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്.

ബുധനാഴ്ചയാണ് പൊന്നാനിയിൽ നിന്ന് പുറപ്പെട്ട റഫ്കാന എന്ന ഫൈബർ വള്ളം മറിഞ്ഞത്. നാല് പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസക്കുട്ടി രക്ഷപ്പെട്ടിരുന്നു.

രക്ഷാപ്രവർത്തനത്തിന് പങ്കെടുക്കുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് ഒരു ദിവസം അര ലക്ഷം രൂപയുടെ ഇന്ധനമാണ് ആവശ്യമായി വരുന്നത്. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. അതോടൊപ്പം കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുക എന്നതും പ്രധാനമാണ്. തെരച്ചിലിന് സർക്കാർ സഹായം ലഭിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം നടന്ന് മൂന്ന് ദിവസം കഴിയുമ്പോൾ സർക്കാരിൽ നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ധന ചിലവെങ്കിലും സർക്കാർ വഹിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

Latest News