കശ്മീരിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കണ്ടെത്തിയത് 48 മണിക്കൂറിന് ശേഷം

ശ്രീനഗർ- കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നു സൈനികരുടെ മൃതദേഹം കണ്ടെത്തി. ജൂനിയർ കമ്മീഷൻഡ് ഓഫീസർ അടക്കം മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം വീണ്ടെടുക്കാനായത്. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഇതോടകം ഒൻപത് സൈനികരാണ് കൊല്ലപ്പെട്ടത്. ഈ മേഖലയിലെ കാടുകളിൽ നിരവധി ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സംശയം. സമീപകാലത്ത് ജമ്മു കശ്മീരിൽ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീർ പോലീസിന്റെ സഹായത്തോടെ ഇന്ത്യൻ സൈന്യം ഭീകരർക്ക് വേണ്ടി നടത്തിയ തെരച്ചിലിലിൽ സുബേദാർ അജയ് സിംഗ്, നായിക് ഹരേന്ദ്ര സിംഗ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ യോഗംബർ സിംദ്, വിക്രം സിംഗ് നേഗി എന്നിവർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് ഈ മേഖലയിൽ വെടിവെപ്പ് നടക്കുന്നത്. 

കശ്മീരിലെ ഡ്രാംഗ്ബാൽ മേഖലയിൽ രണ്ടു പോലീസുകാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ലഷ്‌കർ ഇ ത്വയ്ബയുടെ കമാന്റർ ഏറ്റെടുത്തു. ഉമർ മുഷ്താഖ് ഖാണ്ഡേയാണ് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്. മുഹമ്മദ് യൂസഫ്, സുഹൈൽ എന്നീ പോലീസുകാരാണ് കൊല്ലപ്പെട്ടത്. നിരവധി കുറ്റകൃത്യങ്ങളിൽ പങ്കെടുത്തയാളാണ് ഉമർ മുഷ്താഖ്. ജനങ്ങൾക്കിടയിൽ ഭീതി പടർത്താനാണ് ഭീകരർ ശ്രമിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. അതിനിടെ, ദക്ഷിണ കശ്മീരിലെ പുൽവാമ നിഖ്‌ലൂരയിൽനിന്ന് ഒരാളെ ഭീകരർ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. 

Latest News