കോട്ടയം- ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ മേഖലയിലേക്ക് വ്യോമസേന ഉള്‍പ്പെടെയുള്ള സഹായം ലഭിക്കുമെന്നാണ് വിവരം. പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ മന്ത്രി വി.എന്‍ വാസവന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനാണ് വ്യോമസേന എത്തുക. ഇതിനായി രണ്ട് ഹെലികോപ്റ്ററുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കിയിലും മഴക്കെടുതി തുടരുകയാണ്. കാഞ്ഞാറില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറിലുണ്ടായിരുന്ന യുവാവും കൂടെ ജോലി ചെയ്യുന്ന യുവതിയുടേയും മൃതദേഹമാണ് കണ്ടെടുത്തത്. കൂത്താട്ടുകുളം സ്വദേശി നിഖിലും കൂടെ ഉണ്ടായിരുന്ന യുവതിയുമാണ് മരിച്ചത്.
ഇടുക്കി ജില്ലയില്‍ ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം ഇടുക്കി ഡാം ആണ്. നിലവില്‍ ഇടുക്കിയിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചേക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.
തിരുവനന്തപുരം ജില്ലയില്‍ തെക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറില്‍ ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കണ്ണമ്മൂലയില്‍ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്.
നിലവില്‍ സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.






