മഴക്കെടുതി തുടരുന്നു, മഴക്കും ശമനമില്ല, മരണം ഒമ്പതായി

തിരുവനന്തപുരം- സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും തുടരുന്ന ശക്തമായ മഴയിലും തുടര്‍ന്നുണ്ടായ കെടുതികളിലും മരണം ഒമ്പതായി. ഒമ്പത് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ മഴക്കൊപ്പം തന്നെ ഉരുള്‍പൊട്ടലും ഉണ്ടായതോടെ കോട്ടയത്ത് വന്‍ ആശങ്കയാണ് നിലനില്‍ക്കുന്നത്.  

കോട്ടയത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് ഒമ്പത് പേരെ കാണാതായത്. കൂട്ടിക്കലിലെ പ്ലാപ്പള്ളിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നാലു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായവരില്‍ മൂന്നു പേര്‍ മരിച്ചു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കാണാതായവരില്‍ ആറ് പേര്‍ ഒരു വീട്ടില്‍ നിന്നുള്ളവരാണ്. കൂട്ടിക്കല്‍ സ്വദേശി മാര്‍ട്ടിന്റെ വീട്ടിലുള്ള ആറുപേരെയാണ് കാണാതായത്.
പ്രദേശത്ത് ഉണ്ടായിരുന്ന മൂന്ന് വീടുകള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതായാണ് വിവരം. പൂഞ്ഞാര്‍ ബസ്റ്റോപ്പ് നിലവില്‍ പൂര്‍ണമായും വെള്ളത്തിലാണ്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമാണ്. പ്രദേശത്തെ വിവിധ വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയതിനാല്‍ ആളുകള്‍ രണ്ടാം നിലയില്‍ കയറി നില്‍ക്കുകയാണെന്നാണ് വിവരം.

 

Latest News