ലണ്ടന്‍ - ഭൂമിയില്‍ എല്ലാം ആസ്വദിച്ച് ബഹിരാകാശത്തേക്ക് ടൂര്‍ പോകുന്ന സമ്പന്നരെ വിമര്‍ശിച്ച് വില്യം രാജകുമാരന്‍. ഭൂമിയുടെ സംരക്ഷണത്തിനായാണ് അവര്‍ പണവും സമയവും നിക്ഷേപിക്കേണ്ടതെന്ന് വില്യം പറഞ്ഞു. ബി.ബി.സിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ കേടുപാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാന്‍ മറ്റൊരിടം തേടുന്നവരെയല്ല. ബഹിരാകാശത്തോളം ഉയരത്തില്‍ പോവുന്നതില്‍ താല്‍പര്യമില്ലെന്നും വില്യം വ്യക്തമാക്കി. ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ജെഫ് ബെസോസ്, റിച്ചാഡ് ബ്രാന്‍സന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ ശതകോടീശ്വരന്മാര്‍ ബഹിരാകാശ ടൂറിസം ഉള്‍പ്പടെയുള്ള പദ്ധതികളില്‍ ശ്രദ്ധ ചെലുത്തുന്നതിനെയാണ് വില്യം വിമര്‍ശിച്ചത്. ചൊവ്വയില്‍ കോളനി നിര്‍മ്മിക്കുന്നതുള്‍പ്പടെയുള്ള പദ്ധതികളാണ് മസ്‌കിന്റെ സ്പേസ് എക്സ് ആസൂത്രണം ചെയ്യുന്നത്.