Sorry, you need to enable JavaScript to visit this website.

വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന കാര്യം പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ നിര്‍ബന്ധത്തിന് അനുകൂല നിലപാടുമായി രാഹുല്‍ ഗാന്ധി. പ്രസിഡന്റ് പദവി ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് രാഹുല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞതായാണ് റിപോര്‍ട്ട്. എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമാണ് രാഹുലിനോട് വീണ്ടും പദവി ഏറ്റെടുക്കാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. രാഹുല്‍ പ്രസിഡന്റ് പദവി ഇപ്പോള്‍ തന്നെ ഏറ്റെടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് ചന്നി യോഗത്തില്‍ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്നാണ് ഇതിനു രാഹുല്‍ മറുപടി നല്‍കിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് രാഹുല്‍ പ്രസിഡന്റ് പദവി രാജിവച്ചത്. ഇതോടെ നേതൃത്വ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് രണ്ടു വര്‍ഷമായിട്ടും ഇതു പൂര്‍ണമായും പരിഹരിച്ചിട്ടില്ല. പ്രതിസന്ധി രൂക്ഷമായതോടെയാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി വീണ്ടും അവരോധിച്ചത്. രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ വിവിധ ഘടകങ്ങളും പോഷക സംഘടനകളും പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. 99.9 ശതമാനവും രാഹുല്‍ തന്നെ പ്രസിഡന്റാകുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇനി ഈ പദവി സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇതുവരെ രാഹുല്‍. രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായാണ് പദവി വീണ്ടും ഏറ്റെടുക്കുന്നതിനോട് രാഹുല്‍ അനുകൂല നിലപാട് എടുത്തിരിക്കുന്നത്.  

അടുത്ത വര്‍ഷം ഓഗസ്റ്റ് 21നും സെപ്തംബര്‍ 20നുമിടയില്‍ പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാനാണ് യോഗത്തില്‍ തീരുമാനമായത്.

Latest News