കോട്ടയം: കോട്ടയത്ത് ഉരുൾപൊട്ടലിൽ കാണാതായ 13 പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോവുകയും 13 പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരിൽ ആറു പേർ ഒരു വീട്ടിലെ അംഗങ്ങളാണ്.
മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിച്ചേരാനാകുന്നില്ല. രക്ഷാ പ്രവർത്തനത്തിനായി വ്യോമസേനയുടെ സഹായവുമുണ്ട്.
ശക്തമായ മലവെള്ളപ്പാച്ചിലിൽ ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നിട്ടുണ്ട്.