ന്യൂദല്‍ഹി- പാര്‍ട്ടിക്ക് ഒരു മുഴുസമയ പ്രസിഡന്റ് ഇല്ലെന്നും ഉടന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിനുള്ളില്‍ കോലാഹലമുണ്ടാക്കിയ 23 മുതിര്‍ന്ന നേതാക്കള്‍ക്ക് ഇടക്കാല പ്രസിഡന്റ് പദവി വഹിക്കുന്ന സോണിയയുടെ മറുപടി. താന്‍ മുഴുസമയ കോണ്‍ഗ്രസ് അധ്യക്ഷ തന്നെയാണ് എന്ന് സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസംഗിക്കവെ പറഞ്ഞു. 'കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിനെ ഞാന്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെ എന്നോട് സംസാരിക്കേണ്ട ഒരു ആവശ്യവുമില്ല'- ജി23 എന്നു വിശേഷിപ്പിക്കുന്ന 23 നേതാക്കളുടെ കത്തിനെ സൂചിപ്പിച്ചു കൊണ്ട് സോണിയ പറഞ്ഞു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സ്വതന്ത്രവും സത്യസന്ധവുമായ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും സോണി യോഗത്തില്‍ പറഞ്ഞു.
കര്‍ഷക സമരം അടക്കമുള്ള ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങളില്‍ മന്‍മോഹന്‍ ജി, രാഹുല്‍ ജി എന്നിവര്‍ക്കൊപ്ം ഞാനും ഇടപെടുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം. സമാന മനസ്‌ക്കരായ രാഷ്ട്രീയ പാര്‍ട്ടികളുമായി പതിവായി ആശയവിനിമയം നടത്തുന്നുമുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ സംയുക്ത പ്രസ്താവന ഇറക്കുകയും പാര്‍ലമെന്റിലെ തന്ത്രങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്- വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം സോണിയ പറഞ്ഞു. ഈ നാലു ചുമരുകള്‍ക്കു പുറത്ത് പറയേണ്ടത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനം ആയിരിക്കണമെന്നും സോണിയ പറഞ്ഞു.






