Sorry, you need to enable JavaScript to visit this website.

പരാതിക്കാരുടെ ചെലവില്‍ പോലീസിന്റെ വിമാന കറക്കം,  എഎസ്‌ഐക്ക് സ്ഥലംമാറ്റം

കൊച്ചി- വീടുവിട്ടിറങ്ങിയ പെണ്‍മക്കളെ കണ്ടെത്താന്‍ പരാതി നല്‍കിയ ദല്‍ഹി സ്വദേശികളായ ദമ്പതികളോടു പോലീസ് കൈക്കൂലി ചോദിക്കുകയും ഇവരുടെ ആണ്‍മക്കളെ കേസില്‍ കുരുക്കുകയും ചെയ്‌തെന്ന പരാതിയില്‍ ആരോപണ വിധേയനായ എഎസ്‌ഐക്കു സ്ഥലം മാറ്റം. നോര്‍ത്ത് സ്‌റ്റേഷന്‍ എഎസ്‌ഐ വിനോദ് കൃഷ്ണയെയാണ് എആര്‍ ക്യാംപിലേക്കു മാറ്റിയത്. പെണ്‍കുട്ടികളെ തിരഞ്ഞു ദല്‍ഹിയിലേക്കു പോകാനുള്ള വിമാന ടിക്കറ്റ് എഎസ്‌ഐ മാതാപിതാക്കളോടു ചോദിച്ചു വാങ്ങിയെന്നു സിറ്റി പോലീസ് കമ്മിഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണു നടപടി.
വീടുവിട്ട പെണ്‍കുട്ടികള്‍ ദല്‍ഹിയിലേക്കാണു പോയതെന്നു മനസ്സിലായപ്പോള്‍ മാതാപിതാക്കളുടെ ചെലവില്‍ വിമാന ടിക്കറ്റ് എടുത്താണ് എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘം തിരച്ചിലിനു പോയത്. ഇതു നോര്‍ത്ത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും കേസന്വേഷണത്തിനുള്ള യാത്രകളുമായി ബന്ധപ്പെട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എഎസ്‌ഐയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നു കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.
ദമ്പതികളോട് 5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നും വഴങ്ങാതായപ്പോള്‍ ഇവരുടെ ആണ്‍മക്കളെ കേസില്‍ കുടുക്കിയെന്നുമുള്ള പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൈക്കൂലി ചോദിച്ചെന്നതുള്‍പ്പെടെ ദമ്പതികളുടെ പരാതിയിലുള്ള പല ആരോപണങ്ങളും പൂര്‍ണമായും ശരിയല്ലെന്നാണു പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. ദമ്പതികളുടെ ആണ്‍മക്കള്‍ക്കെതിരെ പീഡനത്തിനു കേസ് റജിസ്റ്റര്‍ ചെയ്തതു സഹോദരിമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പോലീസ് ചില്‍ഡ്രന്‍സ് ഹോമിലാക്കിയ പെണ്‍മക്കളെ കാണാന്‍ മാതാവിനു കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. മക്കളെ നേരില്‍ കാണാന്‍ അനുവദിക്കുന്നില്ലെന്നും വിഡിയോ കോള്‍ വഴി മാത്രമാണ് ഒരു തവണ കാണാന്‍ അനുവദിച്ചതെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. 25ന് കേസ് കോടതി പരിഗണിക്കും.
വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും! കേസെടുത്തിട്ടുണ്ട്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫിസര്‍, നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവരോടു നവംബര്‍ മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിട്ടുള്ളത്.
 

Latest News