Sorry, you need to enable JavaScript to visit this website.

ചൈനയില്‍ ജനപ്രിയ ഖുര്‍ആന്‍ ആപ്പ് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കി

ബെയ്ജിങ്- ലോകത്തൊട്ടാകെ ഏറ്റവും ജനപ്രിയമായ ഖുര്‍ആന്‍ പാരായണ ആപ്പായ ഖുര്‍ആന്‍ മജീദ് ആപ്പിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ചൈനീസ് ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണിതെന്ന് കരുതപ്പെടുന്നു. നിയമവിരുദ്ധ മതഗ്രന്ഥങ്ങള്‍ ഹോസ്റ്റ് ചെയ്യുന്നതിന് ചൈനയില്‍ ഭരണകൂട നിയന്ത്രണങ്ങളുണ്ട്. ഖുര്‍ആന്‍ ആപ്പിനേയും ഇതിലുള്‍പ്പെടുത്തിയതായി സംശയിക്കപ്പെടുന്നു. എന്നാല്‍ ചൈന ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ആപ്പ് സ്റ്റോറില്‍ ഏറെ ജനപ്രീതിയുള്ള ഖുര്‍ആന്‍ ആപ്പാണിത്. ചൈനയില്‍ 10 ലക്ഷത്തിനടുത്ത് പേര്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ആപ്പ് നിര്‍മിച്ച കമ്പനി പറയുന്നു. 

ആപ്പ് സ്റ്റോറില്‍ നിന്ന് ഖുര്‍ആന്‍ മജീദ് ഡിലീറ്റ് ചെയ്യപ്പെട്ടത് ആദ്യം റിപോര്‍ട്ട് ചെയ്തത് ആപ്പ്‌സ്റ്റോറിലെ അപ്‌ഡേറ്റുകള്‍ പുറത്തു വിടുന്ന വെബ്‌സൈറ്റായ ആപ്പിള്‍ സെന്‍സര്‍ഷിപ്പ് ആണ്. ചൈനീസ് അധികാരികളില്‍ നിന്ന് കൂടുതല്‍ അനുമതികള്‍ ആവശ്യമായ ഉള്ളടക്കം അടങ്ങിയതിനാലാണ് ഖുര്‍ആന്‍ മജീദ് ആപ്പ് നീക്കം ചെയ്തതെന്ന് ആപ്പ് വികസിപ്പിച്ച കമ്പനിയായ പിഡിഎംഎസ് പ്രസ്താവനയില്‍ അറിയിച്ചു. ആവശ്യമായ അനുമതില്‍ ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. 

രാജ്യത്തെ മതങ്ങളിലൊന്നായി ഇസ്‌ലാമിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഷിന്‍ജിയാങിലെ ഉയ്ഗുര്‍ മുസ്‌ലിം വംശജര്‍ക്കെതിരെ ചൈന വംശീയ ഉന്മൂലന നീക്കങ്ങള്‍ നടത്തുന്നതായും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും അന്താരാഷ്ട്ര ഏജന്‍സികളുടെ റിപോര്‍ട്ടുകള്‍ നിരന്തരം പുറത്തു വരുന്നുണ്ട്.

Latest News