Sorry, you need to enable JavaScript to visit this website.

പൂജയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്;   ഒമ്പതു മാസത്തിനു ശേഷം പ്രതി അറസ്റ്റിൽ

നിലമ്പൂർ-പൂജയുടെ മറവിൽ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്നയാളെ നിലമ്പൂർ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശി കൂപ്ലിക്കാട്ടിൽ രമേശി (36) നെയാണ് വ്യാഴാഴ്ച പുലർച്ചെ കൊല്ലം പുനലൂർ കുന്നിക്കോടുള്ള വാടക വീട്ടിൽനിന്നു നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്നുണ്ട്.
പ്രത്യേക പൂജ നടത്തി സ്വർണ നിധി എടുത്തു നൽകാമെന്നും ചൊവ്വാദോഷം മാറ്റി നൽകാമെന്നും പറഞ്ഞ് പത്രപരസ്യം നൽകി  ആളുകളെ വലയിൽ വീഴ്ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയ ആളാണ് രമേശ്. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിനിയായ യുവതിയിൽ നിന്നു 2017 ഓഗസ്റ്റ് 16 മുതൽ വിവിധ ദിവസങ്ങളിലായി അക്കൗണ്ട് വഴി 1,10,000 രൂപ, പരാതിക്കാരിയുടെ ജാതകത്തിലെ ചൊവ്വാദോഷം അകറ്റി വിവാഹം ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും എന്നാൽ വിവാഹം ശരിയാക്കാതെയും പണം തിരിച്ചു നൽകാതെയും ചതി ചെയ്തു എന്നതിന് നിലമ്പൂർ പോലീസ് കഴിഞ്ഞ ജനുവരിയിൽ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്. 
വയനാട് ജില്ലയിൽ പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയതായി പോലീസ് പറയുന്നു. കോഴിക്കോട്ടു നിന്നു ഭർത്താവും രണ്ടു കുട്ടികളുമുള്ള യുവതിയുമായി പ്രണയത്തിലാവുകയും തുടർന്ന് കുടുംബത്തെ ഉപേക്ഷിച്ച് യുവതി പ്രതിയുമൊന്നിച്ച് കൽപറ്റ മണിയൻകോട് ക്ഷേത്രത്തിനു സമീപം പൂജ നടത്തി തട്ടിപ്പു നടത്തി ജീവിച്ചു വരവേ വീണ്ടും അവർക്കു രണ്ടു പെൺകുട്ടികളായ ശേഷം രണ്ടു വർഷം മുമ്പ് അവരെയും വിട്ട് ഭർത്താവും രണ്ടു കുട്ടികളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി പ്രണയത്തിലായി മുങ്ങി കൊല്ലം പുനലൂരിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. അതിനിടിയിലാണ് പോലീസിന്റെ പിടിയിലായത്. 
രണ്ടു വർഷം മുമ്പ് വയനാട്ടിൽ നിന്നു പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ആദ്യ ഭാര്യയുമായോ ഒരു ബന്ധവും പുലർത്തിയിരുന്നില്ല. പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു രമേശ്. പോലീസുകാർ ആഴ്ചകളോളം പല വേഷത്തിൽ നിരീക്ഷണം നടത്തിയാണ് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. അവിടെയും ഇയാൾ പൂജകൾ നടത്തുന്നതായി പോലീസിന് വിവരമുണ്ട്. മാസം 10,000 രൂപ വാടക വരുന്ന ആഡംബര വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പിൽ നിധിയുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അതു പുറത്തെടുക്കാനും പൂജ നടത്താനുമുള്ള ചെലവിലേക്കെന്നു പറഞ്ഞ് അഞ്ചു പവന്റെ സ്വർണാഭരണം തട്ടിയെടുത്തതായും സമാന രീതിയിൽ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽ നിന്നു എട്ടു പവന്റെ സ്വർണാഭരണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണിയങ്കോട് സ്വദേശി സന്തോഷിനെ സമാന രീതിയിൽ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനു ചുറ്റും  കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിർദേശ പ്രകാരം നിലമ്പൂർ ഡിവൈ.എസ്്പി സാജു കെ. അബ്രഹാമിന്റെ മേൽനോട്ടത്തിൽ  പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം. അസൈനാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദാലി, സഞ്ചു, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, എം. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Latest News