Sorry, you need to enable JavaScript to visit this website.

ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ ടി.കെ. അബ്ദുല്ല നിര്യാതനായി

കോഴിക്കോട് - ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ ടി.കെ. അബ്ദുല്ല നിര്യാതനായി 94 വയസ്സായിരുന്നു. 

ഇസ്‌ലാമിക ചിന്തകൻ, വാഗ്മി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗൺസിൽ അംഗവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗവുമാണ്. ആൾ ഇന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡിന്റെ സ്ഥാപകാംഗം. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റർ. 1972-1979, 1982-1984 കാലയളവുകളിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറായിരുന്നു. 
ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം മുതൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതൽ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുർറഹ്മാൻ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929 ലായിരുന്നു ജനനം. ജനിച്ചു. വാഴക്കാട് ദാറുൽ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കൽ മദീനതുൽ ഉലൂം, കാസർഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ഇവിടെ വിദ്യാർഥിയായിരിക്കെ പ്രബോധനം പ്രതിപക്ഷപത്രത്തിൽ ചേർന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവർത്തനം ചെയ്തു.1959 ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി.  അതേ വർഷം ഹാജി സാഹിബിന്റെ മരണത്തെ തുടർന്ന് ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964ൽ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോൾ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു. 

1992 ൽ ബാബരിമസ്ജിദ് തകർക്കപ്പെട്ട സാഹചര്യത്തിൽ നിരോധിക്കപ്പെട്ട പ്രബോധനം 1994 ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ടി.കെ അബ്ദുല്ല ചീഫ് എഡിറ്ററായി. 1995 അവസാനത്തിൽ കെ.സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടർന്ന് പ്രബോധനത്തിൽ നിന്ന് വിട്ട് ബോധനം െ്രെതമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. 

അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. കേരള മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐ. പി. ടി മെമ്പർ, അൽ മദീന ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, ദൽഹി ദഅ്‌വ ട്രസ്റ്റ് മെമ്പർ, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, , ഐ. എസ്. ടി. മെമ്പർ, ഐ. എം. ടി. മെമ്പർ, വിജ്ഞാന കോശം ചീഫ് എഡിറ്റർ, ബോധനം െ്രെത മാസിക ചീഫ് മുൻ എഡിറ്റർ, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ വഹിക്കുകയായിരുന്നു. രചനകൾ: നടന്നു തീരാത്ത വഴികളിൽ എന്ന പേരിൽ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖന സമാഹരാണ് നവോത്ഥാന ധർമ്മങ്ങൾ.

പ്രസിദ്ധമായ പ്രഭാഷണങ്ങൾ 'നാഴികക്കല്ലുകൾ' എന്ന പേരിൽ സമാഹരിച്ചിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇഖ്ബാലിനെ കണ്ടെത്തൽ എന്ന കൃതി കോഴിക്കോട് നടന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ്. അല്ലാമാ ഇഖ്ബാലിന്റെ കവിതകൾ പ്രഭാഷണങ്ങളിലെ ശ്രദ്ധേയമായ ഒരിനമാണ്. ശരീഅത്ത് വിവാദ കാലത്ത് കേരളത്തിൽ സജീവമായി ഇസ്‌ലാമികപക്ഷത്ത് നിന്ന് ഇടപെട്ട പ്രഭാഷകനായിരുന്നു. കമ്മ്യൂണിസത്തെ സൈദ്ധാന്തിക തലത്തിൽ നിരൂപണം ചെയ്യുന്ന പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. മലയാളത്തെ പോലെ തന്നെ ദേശീയതല ജമാഅത്ത് പരിപാടികളിൽ ടി.കെ നടത്തിയ ഉറുദു പ്രഭാഷണങ്ങളും ശ്രദ്ധയാകർഷിക്കുന്നവയായിരുന്നൂ.

ഭാര്യ: കുഞ്ഞാമിന. മക്കൾ: ടി.കെ.എം. ഇഖ്ബാൽ, ടി. കെ. ഫാറൂഖ്, സാജിദ.

മൃതദേഹം വൈകുന്നേരം 5.30 മുതൽ കുറ്റിയാടി ഐഡിയൽ പബ്ലിക് സ്‌കൂളിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.

Latest News