Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊന്ന വിവരം മറച്ചുവെക്കാന്‍ സുഹൃത്തിനെ കൊന്നു; യുഎസ് കോടീശ്വരന് ജീവപര്യന്തം തടവ്

ലോസാഞ്ചലസ്- രണ്ട് പതിറ്റാണ്ടു മുമ്പ് സ്വന്തം ഭാര്യ അപ്രത്യക്ഷയായ സംഭവം പുറത്തറിയാതിരിക്കാന്‍ സ്വന്തം വക്താവും സുഹൃത്തുമായ എഴുത്തുകാരിയെ വെടിവച്ചു കൊന്ന യുഎസിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി റോബര്‍ട്ട് ഡസ്റ്റിനെ കോടതി പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുഹൃത്തായ സുസന്‍ ബെര്‍മനെ 2000ലാണ് ബെവെര്‍ലി ഹില്‍സിലെ വീട്ടില്‍ വച്ച് റോബര്‍ട്ട് പിന്നില്‍ നിന്ന് തലയ്ക്കു വെടിവച്ചു കൊന്നത്. ഈ ആരോപണം റോബര്‍ട്ട് പലതവണ നിഷേധിച്ചിരുന്നു. പിന്നീട് ദി ജിങ്‌സ് എന്ന എച്ബിഒ ഡോക്യൂമെന്ററിയിലൂടെയാണ് ഈ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യ അപ്രത്യക്ഷയായ വിവരം പോലീസിനോട് പറയാതിരിക്കാനാണ് റോബര്‍ട്ട് സൂസനെ കൊന്നത്. സംഭവത്തില്‍ 78കാരനായ റോബര്‍ട്ട് കുറ്റക്കാരനാണെന്ന് ലോസാഞ്ചലസിലെ കോടതി കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.

ഭാര്യയെ കാണാത കേസില്‍ റോബര്‍ട്ട് പ്രതിചേര്‍ക്കപ്പെട്ടിരുന്നില്ല. എന്നാല്‍ സൂസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015ല്‍ റോബര്‍ട്ട് അറസ്റ്റിലായിരുന്നു. എച്ബിഒ ഡോക്യൂമെന്ററിയുടെ അവസാന എപിസോഡ് പ്രക്ഷേപണം ചെയ്യുന്നതിനു തൊട്ടുമുമ്പായിരുന്നു ഇത്. അവസാന എപിസോഡ് ചിത്രീകരിക്കുന്നതിനിടെ ഇടവേളയില്‍ താന്‍ എല്ലാവരേയും കൊന്നു എന്ന് അറിയാതെ പറഞ്ഞു പോയതാണ് കേസില്‍ തുമ്പായത്. ശുചിമുറിയിലേക്ക് പോകുമ്പോള്‍ തന്റെ ദേഹത്ത് മൈക്ക് ഘടിപ്പിച്ചിരുന്നത് ഓര്‍ക്കാതെയാണ് റോബര്‍ട്ട് താന്‍ എല്ലാവരേയും കൊന്നു എന്നു പറഞ്ഞത്. ഈ ശബ്ദം കുറ്റസമ്മതമായി കണക്കാക്കപ്പെട്ടു. 

റോബര്‍ട്ടിന്റെ അയല്‍വാസി മോറിസ് ബ്ലാക്കിനെ 2001ല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ചായിരുന്നു എച്ബിഒ ഡോക്യൂമെന്ററി. സ്വയം പ്രതിരോധിക്കാനാണ് മോറിസിനെ കൊന്നതെന്ന് റോബര്‍ട്ട് സമ്മതിച്ചിരുന്നു. കേസില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു. സൂസന്റെ മരണത്തിലും തനിക്ക് പങ്കില്ലെന്നാണ് റോബര്‍ട്ട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ സൂസന്റെ മൃതദേഹം ബെവര്‍ലി ഹില്‍സിലെ വീട്ടില്‍ കിടപ്പുണ്ടെന്ന് അറിയിച്ച് പോലീസിന് ഊമക്കത്തെഴുതിയതായും റോബര്‍ട്ട് സമ്മതിച്ചിരുന്നു. മൂന്ന് പേരേയും റോബര്‍ട്ട് കൊന്നു എന്നതിന് വ്യക്തമായ നിരവധി തെളിവുകള്‍ പ്രോസിക്യൂട്ടര്‍ ജോണ്‍ ലെവിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Latest News