സകാക്ക- അര റിയാലിനെ ചൊല്ലിയുള്ള തർക്കം മൂലം സൗദി ടെലികോം കമ്പനി ഓഫീസ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപിക്കുന്നതിന് ശ്രമിച്ച സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ ബില്ല് അടയ്ക്കുന്നതിന് എസ്.ടി.സി ഓഫീസിലെത്തിയ സൗദി യുവാവ് ബിൽ തുകയുടെ ഭാഗമായ അര റിയാൽ അടയ്ക്കുന്നതിന് വിസമ്മതിച്ചതാണ് തർക്കങ്ങൾക്ക് കാരണം. ബിൽ തുക പൂർണമായും അടയ്ക്കണമെന്ന് ജീവനക്കാരൻ നിർബന്ധം പിടിച്ചു. ഇതോടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ മുപ്പതുകാരൻ വൈകാതെ കത്തിയുമായി തിരിച്ചെത്തി ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതിന് ശ്രമിക്കുകയായിരുന്നു. മറ്റുള്ളവർ ചേർന്ന് യുവാവിനെ പിടിച്ചുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്ന് അൽജൗഫ് പോലീസ് വക്താവ് ലെഫ്. കേണൽ യസീദ് അൽനോമസ് പറഞ്ഞു.






