'ബാധയൊഴിപ്പിക്കാന്‍' 25കാരിയെ ചൂടാക്കിയ ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു കൊന്നു

ഗാന്ധിനഗര്‍- സാത്താന്‍ ബാധയൊഴിപ്പിക്കാന്‍ എന്ന പേരില്‍ 25കാരിയെ മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളും ചേര്‍ന്ന് ചൂടാക്കിയ ഇരുമ്പു ചങ്ങല കൊണ്ടും വിറക് കൊണ്ടും അടിച്ചു കൊന്നു. ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.  മന്ത്രവാദിയുള്‍പ്പെടെ പ്രതികളായ അഞ്ചു പേരേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രാമില സോളങ്കിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ദ്വാരകയ്ക്കടുത്ത ഓഖാമധിയിലെത്തിയതായിരുന്നു ഇവര്‍. ഇതിനിടെ പെട്ടെന്ന് രാമിലയ്ക്ക് വിറയലും സാത്താന്‍ ബാധപോലെ അസ്വാഭാവിക പെരുമാറ്റവും ഉണ്ടാകുകയായിരുന്നു. ഇതു കണ്ട മന്ത്രവാദിയായ രമേശ് സോളങ്കിയാണ് കൂടെ ഉള്ളവരോട് യുവതിയെ അടിക്കാന്‍ ആവശ്യപ്പെട്ടത്. രാമിലയെ അടിച്ചില്ലെങ്കില്‍ അവര്‍ എല്ലാവരേയും കൊല്ലുമെന്നും അടിച്ച് ബാധയൊഴിപ്പിക്കണമെന്നും രമേശ് നിര്‍ദേശിക്കുകയായിരുന്നു. ഇതു പ്രകരാമാണ് പ്രതികള്‍ വിറക് എടുത്ത് രാമിലയെ പൊതിരെ അടിച്ചത്. പിന്നീട് ഒരു ചൂടാക്കിയ ഇരുമ്പു ചങ്ങല ഉപയോഗിച്ചും പ്രതികള്‍ മാറി മാറി അടിച്ചുകൊണ്ടിരുന്നു. ക്രൂരമര്‍ദനമേറ്റ യുവതി ഒടുവില്‍ മരിച്ചു. 

ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രവാദിയായ രമേശ് സോളങ്കി, യുവതിയുടെ ബന്ധുക്കളായ അര്‍ജുന്‍ സോളങ്കി, വെര്‍സി സോളങ്കി, മനു സോളങ്കി, ഭാവേഷ് സോളങ്കി എന്നിവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
 

Latest News