വണ്ടൂർ : നിധി കുഴിച്ചെടുക്കുമെന്നും ചൊവ്വാ ദോഷം മാറ്റുമെന്നും പറഞ്ഞ് നിരവധി തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കഴിഞ്ഞ ഒൻപത് മാസമായി ഒഴിവിൽ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് അറസ്റ്റിലായത്. കൊല്ലം പുനലൂർ കുന്നിക്കോട് വാടകവീട്ടിൽ നിന്നാണ് രമേശനെ അറസ്റ്റ് ചെയ്തത്.
രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ പേരുകളിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പ്രത്യേക പൂജകൾ നടത്തി നിധിയെടുത്ത് നൽകും, ചൊവ്വാദോഷം മാറ്റിത്തരും എന്നിവ പറഞ്ഞ് ആളുകളെ വശീകരിച്ചാണ് തട്ടിപ്പു നടത്തുന്നത്. നിരവധി യുവതികളെയാണ് ഇയാൾ പറ്റിച്ചത്. വണ്ടൂർ സ്വദേശിനിയിൽ നിന്ന് 1.10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.
വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പിൽ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വർണം തട്ടി. ഇവരുടെ പക്കൽ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കുകയും ചെയ്തു. സമാനമായ രീതിയിൽ വയനാട് മീനങ്ങാട് സ്വദേശിനിയിൽ നിന്ന് എട്ട് പവനും കൈക്കലാക്കി.
രണ്ട് കുട്ടികളുള്ള കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായ രമേശൻ ആദ്യം അവരെ വിവാഹം കഴിച്ചു. രണ്ട് പെൺകുട്ടികളായ ശേഷം 2019ൽ അവരെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഭർത്താവും രണ്ട് കുട്ടികളുമുള്ള മറ്റൊരു യുവതിയുമായി പ്രണയത്തിലാകുകയും ഇവരെ വിവാഹം കഴിച്ച് കൊല്ലത്ത് താമസിച്ചു വരികയായിരുന്നു. അറസ്റ്റിലായ രമേശനെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു