ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥിയെ അടിച്ചും ചവിട്ടിയും ക്രൂരമായി മര്‍ദിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

കടലൂര്‍- തമിഴ്‌നാട്ടിലെ ചിദംബരത്ത് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് മുറിയിലിട്ട് വിദ്യാര്‍ത്ഥിയെ അടിച്ചും തൊഴിച്ചും ക്രൂരമായി മര്‍ദിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിദംബരത്തെ ഗവ. നന്ദനാര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നടപടി. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുത്താണ് 56കാരനായ അധ്യാപകന്‍ സുബ്രമണ്യത്തെ അറസ്റ്റ് ചെയ്തത്. 

28 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി മൊബൈലില്‍ ചിത്രീകരിച്ചതാണ്. സഹപാഠികളുടെ മുന്നിലിട്ട് സുബ്രമണ്യം നിലത്ത് മുട്ടുകുത്തി നിർത്തി മുടിയിൽ പിടിച്ചാണ് വിദ്യാര്‍ത്ഥിയെ വടി ആഞ്ഞുവീശി അടിക്കുകയും തുടയിൽ ചവിട്ടുകയും ചെയ്യുന്നത്. പരിക്കേറ്റ 17കാരനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഡിയോ സഹിതം വിദ്യാര്‍ത്ഥി പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനാണ് പ്രതിയായ സുബ്രമണ്യം. വിദ്യാര്‍ത്ഥി ക്ലാസില്‍ ഹാജരാകാതിരുന്നതാണ് കാരണമെന്ന് പോലീസ് പറഞ്ഞു.

Latest News