മുസ്‌ലിം പശ്ചാത്തലത്തില്‍ നോവലെഴുതണം, ഖുര്‍ആന്‍ വായിക്കുകയാണ്- സി.വി ബാലകൃ്ഷ്ണന്‍

തിരുവനന്തപുരം- നോവല്‍ എഴുതുന്നതിന്റെ ഭാഗമായി താന്‍ ഖുര്‍ആന്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. ക്രിസ്ത്യന്‍ ജീവിതം പശ്ചാത്തലമാക്കി ആയുസിന്റെ പുസ്‌കം എഴുതിയതുപോലെ മുസ്‌ലിം ജിവിതം തനിക്ക് എഴുതാനായിട്ടില്ല. മലബാറില്‍ പുരാതനകാലത്തുതന്നെ മുസ്‌ലിംകള്‍ താമസിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം കഥാപാത്രങ്ങള്‍ തന്റെ നോവലുകളില്‍ കാര്യമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ ഹിന്ദുപുരാണങ്ങളെ അടിസ്ഥാനമാക്കി നോവലുകളൊന്നും എഴുതാന്‍ കഴിഞ്ഞിട്ടില്ല. എം.ടിയുടെ രണ്ടാമൂഴവും മറ്റും മലയാളത്തിലുണ്ട്. ഇന്ത്യയിലെ പല ഭാഷകളിലും പുരാണം നോവലായി വന്നിട്ടുണ്ട്. ഇതുകൊണ്ടാവാം താന്‍ ആ വഴി ചിന്തിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്റെ ആയുസിന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ബുക്ക് ഓഫ് പാസിംഗ് ഷാഡോസ് പ്രകാശന ചടങ്ങിന് ശേഷം മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ശശിതരൂര്‍, അടൂര്‍ ഗോപാലകൃഷ്ണന് പുസ്തകത്തിന്റെ കോപ്പിനല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. മലയാളം സര്‍വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ ഡോ. കെ. ജയകുമാര്‍, പികെ.രാജശേഖരന്‍, പരിഭാഷകന്‍ ടിഎം.യേശുദാസന്‍, ജോണ്‍മേരി തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest News