Sorry, you need to enable JavaScript to visit this website.

മോൻസണ് ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

കൊച്ചി- പുരാവസ്തുവിന്റെ മറവിൽ കോടികളുടെ തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധം വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നു. ട്രാഫിക് ഐ.ജി ലക്ഷ്മണ ഐ.പി.എസും പ്രവാസി വനിത അനിത പുല്ലയിലുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. പരാതിക്കാരനായ അനൂപിന് ഐ.ജി ലക്ഷ്മണയുടെ ഫോൺ നമ്പർ മോൻസൺ അയച്ചുകൊടുത്തതിന്റെ സ്‌ക്രീൻ ഷോട്ടും ഐ.ജി ലക്ഷ്മണയും മോൻസണും ഒരുമിച്ചു നിന്നെടുത്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചേർത്തല പോലീസ് മോൻസണിനെതിരെ എടുത്ത കേസുമായി ബന്ധപ്പെട്ട് ലക്ഷ്മണക്ക് മോൻസൺ 2020 ഒക്ടോബർ 9 ന് ഇ-മെയിലിൽ അയച്ച പരാതിയുടെ സ്‌ക്രീൻ ഷോട്ടും അനിത അയച്ചുകൊടുത്തതായി വാട്‌സ്ആപ്പ് സ്‌ക്രീൻ ഷോട്ടിൽ കാണുന്നു. ഇതിന് ലക്ഷ്മണ നൽകിയ മറുപടികളും അദ്ദേഹം തന്നെ ഡിലീറ്റ് ചെയ്ത നിലയിലാണ്. മോൻസണിനെക്കുറിച്ച് രണ്ടു വർഷം മുമ്പ്് ബെഹ്‌റ തനിക്ക് മുന്നറിയിപ്പ് തന്നിരുന്നതായി അനിതയുടെതായി പുറത്ത് വന്ന ലക്ഷ്മണയുമായുള്ള ചാറ്റിൽ പറയുന്നുണ്ട്. മോൻസണുമായി ബന്ധമുള്ള നിധി എന്ന സ്ത്രീയെക്കുറിച്ചും അനിത പരാമർശിക്കുന്നുണ്ട്. ഇവരെ നേരത്തെ അറിയാമെന്ന് ലക്ഷ്മണ മറുപടി നൽകുന്നു. സെപ്തംബർ 25 ന് മോൻസൺ അറസ്റ്റിലായ വിവരം അനിത പുല്ലയിൽ ലക്ഷ്മണയെ അറിയിച്ചതായി സ്‌ക്രീൻ ഷോട്ടിൽ കാണാം. എന്നാൽ ഇതിന് നൽകിയ നാല് മറുപടികൾ ലക്ഷ്മണ തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. 
വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ ലക്ഷ്മണയ്ക്കും അനിതക്കും മോൻസണുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മണയിൽനിന്നും അനിത പുല്ലയിലിൽനിന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുക്കും. ലക്ഷ്മണയുമായി അനിത നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. ചാറ്റുകളിൽ പലതും ഡിലീറ്റ് ചെയ്ത നിലയിലാണ്.
മോൻസൺ മാവുങ്കലിനെ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ പറഞ്ഞിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പോലീസിനെ അറിയിച്ചെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തട്ടിപ്പിനിരയായവർക്കൊപ്പം നിന്നെന്നും അനിത പറഞ്ഞിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോൻസണുമായി ഉണ്ടായിരുന്നതെന്നാണ് അനിത വിശദീകരിച്ചത്.  ഏകദേശം മൂന്ന് വർഷം മുമ്പാണ് മോൻസൺ സംഘടനയുടെ ഭാഗമായത്. പിതാവിന്റെ സംസ്‌കാര ചടങ്ങിൽ വച്ചാണ് മോൻസനെ ആദ്യമായി പരിചയപ്പെടുന്നത്. മോൻസണുമായി മറ്റ് ബിസിനസ് ബന്ധങ്ങളില്ല. മോൻസണിന്റെ സൗഹൃദത്തിൽ പെട്ടുപോയ ആളാണ് താനെന്നും അനിത പറഞ്ഞിരുന്നു.

മോൻസൺ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡി.ആർ.ഡി.ഒ വ്യാജരേഖ കേസിലും വിഗ്രഹങ്ങളും ശിൽപങ്ങളും വാങ്ങിയശേഷം കബളിപ്പിച്ചെന്ന സന്തോഷിന്റെ പരാതിയിലും മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ഈ രണ്ടു കേസുകളിലും മോൻസണെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.


 

Latest News