റിയാദ്- ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം. ഇന്നലെ രാവിലെ 7.23 നാണ് ഖമീസ് മുഷൈത്തിനു നേരെ ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം മിസൈൽ തകർത്തു. യെമനിലെ സഅ്ദയാണ് മിസൈൽ ആക്രമണത്തിന്റെ ഉറവിടമെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
സൗദി അറേബ്യയുടെ സുരക്ഷക്കും മേഖലാ, ആഗോള സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട്, യു.എൻ രക്ഷാ സമിതി 2216, 2231 നമ്പർ പ്രമേയങ്ങൾ ലംഘിച്ച് ഹൂത്തികൾക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ അടക്കമുള്ള ആയുധങ്ങൾ നൽകുന്നത് തുടരുന്നതിന് തെളിവാണ് ഖമീസ് മുഷൈത്തിനു നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമം. നഗരങ്ങൾക്കും ജനവാസ പ്രദേശങ്ങൾക്കും നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഭീകര ഗ്രൂപ്പുകൾക്ക് ബാലിസ്റ്റിക് മിസൈൽ അടക്കമുള്ള ആയുധങ്ങൾ എത്തിച്ചുനൽകുന്നത് തുടരുന്ന ഇറാനെ നിലക്കുനിർത്തുന്നതിനും ഇറാനോട് കണക്കു ചോദിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് സഖ്യസേനാ വക്താവ് ആവശ്യപ്പെട്ടു. മൂന്നു വർഷത്തിനിടെ ഹൂത്തികൾ സൗദി അറേബ്യക്കു നേരെ 90 ലേറെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിട്ടുണ്ട്. ഇവയെല്ലാം ലക്ഷ്യം കാണുന്നതിനു മുമ്പായി സൗദി സൈന്യം തകർക്കുകയായിരുന്നു.






