Sorry, you need to enable JavaScript to visit this website.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഏറെ പിന്നില്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ പട്ടിണി ഗൗരവമേറിയ നിലയിലാണെന്ന് ആഗോള പട്ടിണി സൂചിക. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച 116 രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. അയല്‍രാജ്യങ്ങളായി പാക്കിസ്ഥാനും (92) നേപ്പാളും (76) ബംഗ്ലദേശും (76) ഇന്ത്യയേക്കാള്‍ മുന്നിലാണ്. പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്കു പിന്നില്‍ വെറും 15 രാജ്യങ്ങള്‍ മാത്രമെയുള്ളൂ. പട്ടിണി ഏറ്റവും ഗൗരവമേറിയ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉള്‍പ്പെട്ടു. കഴിഞ്ഞ വര്‍ഷം 107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 

2030ഓടെ പട്ടിണി കുറച്ചുകൊണ്ടു വരുന്നതില്‍ ലോകമൊട്ടാകെയും പ്രത്യേകിച്ച് 47 രാജ്യങ്ങളും പരാജയപ്പെടുമെന്നും പട്ടിണി സൂചിക ചൂണ്ടിക്കാട്ടുന്നു. 2000 മുതല്‍ ആഗോള തലത്തില്‍ പട്ടിണി കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നതെങ്കിലും ഈ പുരോഗതി മന്ദഗതിയിലായിക്കൊണ്ടിരിക്കുകയാണ്. പട്ടിണ സൂചിക അടിസ്ഥാനമാക്കിയുള്ള ലോകത്തെ പട്ടിണിയുടെ തോത് 2006നും 2012നുമിടയില്‍ 4.7 പോയിന്റുകള്‍ കുറഞ്ഞെങ്കിലും 2012നു ശേഷം 2.5 പോയിന്റുകള്‍ മാത്രമാണ് കുറഞ്ഞിട്ടുള്ളത്. പട്ടിണി സൂചികയുടെ പ്രധാന ഘടകങ്ങളിലൊന്നായ പോഷകാഹാരക്കുറവ് ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചു വരികയാണ്. മറ്റു ഘടങ്ങളുടെ കാര്യത്തിലുള്ള പുരോഗതിക്ക് ഇത് വിഘ്‌നമാകുമെന്ന സൂചനയാണ് ഉള്ളതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവിനു പുറമെ ശിശു മരണനിരക്ക്, കുട്ടികളുടെ ഭാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ് എന്നിവയാണ് പ്രധാന സൂചികകള്‍.
 

Latest News