VIDEO പ്രിന്‍സിപ്പല്‍ പദവിക്ക് അധ്യാപകരുടെ പരസ്യ അടിപിടി; നാണക്കേടായി വൈറല്‍ ദൃശ്യങ്ങൾ

പട്‌ന- ബിഹാറിലെ മോതിഹാരിയില്‍ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപക പദവിക്കു വേണ്ടി രണ്ടു അധ്യാപകരുടെ പോര് വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ പരസ്യ അടിപിടിയില്‍ കലാശിച്ചു. പ്രിന്‍സിപ്പല്‍ പദവി ആഗ്രഹിക്കുന്ന ഒരു അധ്യാപകനും മറ്റൊരു അധ്യാപികയുടെ ഭര്‍ത്താവും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. അടിപിടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അധ്യാപകനായ ശിവശങ്കര്‍ ഗിരിയെ എതിരാളിയായ അധ്യാപിക റിങ്കി കുമാരിയുടെ ഭര്‍ത്താവ് അടിച്ച് നിലത്തിടുന്ന രംഗമാണ് വിഡിയോയിലുള്ളത്. അദാപൂരിലെ പ്രൈമറി സ്‌കൂളില്‍ പ്രിന്‍സിപ്പില്‍ പദവിക്കു വേണ്ടി ഏതാനും മാസങ്ങളായി ഇരുവരും കലഹത്തിലാണ്. ആര്‍ക്കാണ് കൂടുതല്‍ സീനിയോരിറ്റിയും യോഗ്യതയും ഉള്ളതെന്നാണ് ഇവര്‍ക്കിടയിലെ തര്‍ക്ക വിഷയം. ഒടുവില്‍ രണ്ടു പേരോടും വിദ്യാഭ്യാസ യോഗ്യതയുടെ രേഖകള്‍ മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. 

ഇതിനായി ഒഫീസിലെത്തിയ ഇരുവരും ആര് ആദ്യം രേഖകള്‍ സമര്‍പ്പിക്കും എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ആദ്യം തെറിവിളിയില്‍ തുടങ്ങി പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു. റിങ്കി ടീച്ചറുടെ ഭര്‍ത്താവ് ശിവശങ്കര്‍ ഗിരി മാഷിനെ ലോക്കിട്ടു വീഴ്ത്തി പൂട്ടുകയായിരുന്നു. ഇരുവരേയും പിടിച്ചു മാറ്റാന്‍ അടുത്തുണ്ടായിരുന്നവര്‍ ഏറെ പണിപ്പെട്ടു. ബ്ലോക്ക് എജുക്കേഷന്‍ ഓഫീസര്‍ ഹരിഓം സിങ് എല്ലാറ്റിനും ദൃക്‌സാക്ഷിയായി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

Latest News