Sorry, you need to enable JavaScript to visit this website.

ജിമെയിൽ ചോർത്താതിരിക്കാൻ യു.എസ്.ബി കീ

  • പതിനായിരം വി.ഐ.പികൾക്ക് ഗൂഗിൾ സുരക്ഷക്കായുള്ള യു.എസ്.ബി കീകൾ നൽകി

രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ പതിനായിരത്തോളം വി.ഐ.പികളുടെ ജി മെയിലിന് യു.എസ്.ബി സുരക്ഷാ കീ നൽകി ഗൂഗിൾ. പാസ്‌വേർഡിനപ്പുറം മറ്റൊരു സുരക്ഷ കൂടി ഉറപ്പുനൽകുന്ന ടു ഫാക്ടർ ഓതന്റിക്കേഷനാണ് യു.എസ്.ബി കീ വഴി നടപ്പിലാക്കുന്നത്. ഗൂഗിൾ കരാറിലേർപ്പെട്ട വിവിധ കമ്പനികളാണ് ഇതിനായുള്ള യു.എസ്.ബികൾ വിപണിയിൽ ഇറക്കുന്നത്. പാസ് വേഡ് ഉണ്ടെങ്കിലും ജിമെയിലുകൾ തുറക്കുന്നതിന് ഈ യു.എസ്.ബികൾ ഉപയോഗിക്കാം. 
ഇപ്പോൾ വി.ഐ.പികൾക്കായി നൽകിയിരിക്കുന്ന അത്യാധുനിക സുരക്ഷാ പരിപാടി ഉപയോഗിക്കുന്നതിന് പൊതുജനങ്ങളേയും പ്രേരിപ്പിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ഹാക്കർമാർ ലക്ഷ്യമിട്ടതിനെ തുടർന്ന് ജിമെയിൽ ഉപയോക്താക്കൾക്ക് ആയിരക്കണക്കിനു മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചുവെന്ന വാർത്തകൾക്കു പിന്നാലെയാണ് യു.എസ്.ബി കീ നൽകുകയാണെന്ന ഗൂഗിൾ പ്രഖ്യാപനം. വിവിധ തുറകളിലുള്ള 14,000 ജിമെയിൽ ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യമിട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് സന്ദേശം അയച്ചതെന്ന് ഗൂഗിളിന്റെ ഭീഷണി വിശകലന സമിതി മേധാവി ഷേൻ ഹണ്ട്‌ലെ പറഞ്ഞു.
റഷ്യയുമായി ബന്ധമുള്ള ഹാക്കിംഗ് ഗ്രൂപ്പ് എപിടി28 ആണ് സെപ്റ്റംബറിൽ ശ്രദ്ധയിൽ പെട്ട ഹാക്കിംഗ് നീക്കത്തിനു പിന്നിലെന്ന് ഹണ്ട്‌ലെ വെളിപ്പെടുത്തി. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പാസ്‌വേഡ് കരസ്ഥമാക്കുന്നതിനുള്ള ഫിഷിംഗ് ശ്രമമാണ് നടന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകൾ അയച്ച് അതിലൂടെ പാസ് വേഡ് നേടാനാണ് ഇമെയിൽ കാമ്പയിനിലൂടെ ശ്രമിച്ചത്.
ഇത്തരം സംശാസ്പദ ഇമെയിലുകൾ ബ്ലോക്ക് ചെയ്തുവെന്നും പതിവുപോലെ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചുവെന്നും ഹണ്ട്‌ലെ പറഞ്ഞു.
41 ഡോളർ വിലയുള്ള ടൈറ്റാൻ സുരക്ഷ കീകളാണ് പതിനായിരം ഉപയോക്താക്കൾക്ക് സൗജന്യമായി അയച്ചതെന്ന് ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. കീ വിതരണം ചെയ്യുന്നതിന് ഏതാനും കമ്പനികളുമായി ധാരണയിലെത്തിയതായും ഗൂഗിൾ ബ്ലോഗിൽ പറഞ്ഞു. 150 ദശലക്ഷം വരുന്ന ഉപയോക്താക്കളെ ടു ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുന്നതിനായി രജിസ്റ്റർ ചെയ്യുമെന്നും 20 ലക്ഷത്തോളം യുട്യൂബ് ഉപയോക്താക്കളോട് ഇത് ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി. 
 

Latest News