Sorry, you need to enable JavaScript to visit this website.

വൈദ്യുതി ബോർഡിന്റെ വരുമാനത്തിൽ വൻ ഇടിവ്. വൈദ്യുതി വാങ്ങാൻ നട്ടം തിരിച്ചിൽ


കോഴിക്കോട് : കൽക്കരി ക്ഷാമത്തിന്റെ പേരിൽ പുറത്തു നിന്നുള്ള വൈദ്യുതിക്ക്  വിലവർധനവ് ഏർപ്പെടുത്തിയതോടെ സംസ്ഥാന വൈദ്യുതി ബോർഡ് വലിയ പ്രതിസന്ധിയിലേക്ക്. ബോർഡിന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ പുറത്ത് നിന്ന് അധിക വില കൊടുത്ത് വൈദ്യുതി വാങ്ങാൻ എവിടെ നിന്ന് പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് . 

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബോർഡിന്റെ വരുമാനത്തിൽ 2900 കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത്. കോവിഡ് കാരണം വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിനും മറ്റും സർക്കാർ വലിയ ഇളവുകൾ പ്രഖ്യാപിച്ചതാണ് വരുമാനം കുത്തനെ ഇടിയാൻ കാരണം. കോവിഡ് കാലത്ത് വലിയ പ്രയാസം കൂടാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ പോലും ഈ അവസരം മുതലാക്കി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുകയോ അല്ലെങ്കിൽ ബിൽ തുക ആറ് തവണ വരെയാക്കി അടയ്ക്കാനായി സാവകാശം തേടുകയോ ചെയ്തിട്ടുണ്ട്. കോവിഡ് ആരംഭിച്ച സമയത്ത് 90-95 ശതമാനമായിരുന്നു വൈദ്യുതി ബിൽ പിരിവിലെ കാര്യക്ഷമത. എന്നാൽ ഇപ്പോൾ 50-55 ശതമാനം കാര്യക്ഷമത മാത്രമേയുള്ളൂ. അതായത് നേരത്തെ കിട്ടിക്കൊണ്ടിരുന്നതിന്റെ പകുതി വരുമാനം മാത്രമേ ഇപ്പോൾ കിട്ടുന്നുള്ളൂ.

സർക്കാർ സ്ഥാാപനങ്ങളും വൻകിട കമ്പനികളുമാണ് ഏറ്റവും കൂടുതൽ കുശ്ശിക വരുത്തിയിട്ടുള്ളത്. കേരള വാട്ടർ അതോറിറ്റി 730 കോടി രൂപയാണ് വൈദ്യുതി ബോർഡിന് നൽകാനുള്ളത്. സ്വകാര്യ സ്ഥാപനങ്ങളുടെ 600 കോടിയോളം രൂപയുടെ ബിൽ കുടിശ്ശിക കേസിൽ പെട്ട് കിടക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും കണക്ഷ്ൻ കട്ട് ചെയ്യരുതെന്ന നിർദ്ദേശം സർക്കാർ പുറത്തിറക്കിയതോടെ ബിൽ അടയ്ക്കാൻ സാമ്പത്തികമായി കഴിവുള്ളവർ പോലും കരുതിക്കൂട്ടി ബിൽ അടയ്ക്കാതിരിക്കുകയാണ് ചെയ്യുന്നതെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നു.

സംസ്ഥാനത്തെ വൈദ്യുതി കണക്ഷനുകളിൽ 76 ശതമാനവും ഗാർഹിക ഉപഭോക്താക്കളാണെങ്കിലും ബോർഡിന്റെ വരുമാനത്തിന്റെ 38 ശതമാനം വരുമാനം മാത്രമേ ഇതിൽ നിന്ന് ലഭിക്കുന്നുള്ളൂ. ബാക്കി വരുമാനം മുഴുവൻ ലഭിക്കേണ്ടത് ചെറുകിട, വാണിജ്യ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നാണ്. ഇവിടെ നിന്നുള്ള വരുമാനത്തിലാണ് ഏറ്റവും കൂടുതൽ ഇടിവുള്ളത്.

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ കാര്യത്തിൽ ബോർഡ് വലിയ പ്രതിസന്ധിയിലാണ് . വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിന്റെ ഖജനാവ് കാലിയാകുന്ന സ്ഥിതിയുണ്ടാകും. നേരത്തെ പുറമെ നിന്ന്  5 മുതൽ 10 വരെ രൂപയക്ക് വാങ്ങിയിരുന്ന ഒരു യൂണിറ്റ് വൈദ്യുതി കഴിഞ്ഞ ദിവസം 19 രൂപയ്ക്കാണ് കേരളം വാങ്ങിയത്.  രാജ്യത്തെ പ്രധാന താപനിലയങ്ങളിലൊക്കെ കൽക്കരി സ്റ്റോക്ക് തീർന്ന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈദ്യുതിക്ക് ഇനിയും വില വർധിക്കുമെന്നാണ് സംസ്ഥാന വൈദ്യുതി ബോർഡ് കണക്കു കൂട്ടുന്നത്. യൂണിറ്റിന് 20 രൂപയ്ക്ക് മേൽ വില കൊടുത്ത് വൈദ്യുതി വാങ്ങിയാൽ അത് കേരളത്തിന് താങ്ങാൻ കഴിയാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കും. വരുമാനം വർധിച്ച്  സംസ്ഥാന വൈദ്യുതി ബോർഡിന്റെ സ്ഥിതി മെച്ചപ്പെടണമെങ്കിൽ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടി വരും. 

സംസ്ഥാനത്തിന്റെ മൊത്തം ഉപഭോഗത്തിന്റെ 60 മുതൽ 70 ശതമാനം വരെ കേരളത്തിന് പുറത്തുള്ള താപനിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയാണ് നിർവ്വഹിക്കുന്നത്. നേരത്തെ 40 ലക്ഷം രൂപയോളമാണ് ഇതിന് ദിനം പ്രതി ചെലവ് വന്നിരുന്നത്. പിന്നിട്  ഇത് 70 ലക്ഷം രൂപയായി. എന്നാൽ ഇപ്പോൾ കൾക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്തെ താപനിലയങ്ങളിൽ ഉത്പാദനം പകുതിയിലധികം വെട്ടിക്കുറച്ചതോടെ പ്രതിദിനം ഒന്നേമുക്കാൾ കോടി രൂപയിലധികമാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇത് ഇനിയും അധിക കാലം നീണ്ടു പോയാൽ സാമ്പത്തിക സ്ഥിതി ഗുരുതരമാകും. 
പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വലിയ പണം കൊടുക്കേണ്ടി വന്നാലും ലോഡ് ഷെഡ്ഡിംങ്ങോ, പവർ കട്ടോ ഏർപ്പെടുത്തി പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കരുതെന്നാണ് സർക്കാറിന്റെ തീരുമാനം. അതുകൊണ്ട് തന്നെ വലിയ നഷ്ടം സഹിച്ചാണെങ്കിലും പിടിച്ചു നിൽക്കാനാണ് ബോർഡിന് നൽകിയ നിർദ്ദേശം. എന്നാൽ ഇത് എത്ര കാലം തുടരാൻ കഴിയുമെന്നതാണ് ബോർഡിന്റെ തലപ്പത്തുള്ളവരുടെ ചോദ്യം. നിലവിൽ ദിനം പ്രതി 300 മുതൽ 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലാകെ നല്ല മഴ ലഭിച്ചതിനാൽ വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടുമുണ്ട്.  അതുകൊണ്ട് തന്നെ ലോഡ് ഷെഡ്ഡിംങ്ങോ പവർ കട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. എന്നാൽ വരും ദിവസങ്ങളിൽ പുറത്ത് നിന്നുള്ള വൈദ്യുതിക്ക് വലിയ ക്ഷാമം വരാനോ, വലിയ തോതിൽ വില വർധിക്കാനോ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വൈദ്യുതി പ്രതിസന്ധി മറച്ച് പിടിച്ച്  പ്രതിച്ഛായ മുറുകെപ്പിടിക്കാൻ സർക്കാറിനെക്കൊണ്ട് കഴിയില്ല.
 

Latest News