Sorry, you need to enable JavaScript to visit this website.
Friday , October   15, 2021
Friday , October   15, 2021

ഇശലിന്റെ ഈരടികളിൽ മുഴങ്ങിയ സ്വരരാഗം

കോഴിക്കോട് ആകാശ വാണിയിൽ ബാലലോകം പരിപാടിക്കു വേണ്ടി കുട്ടികളെ അന്വേഷിക്കുകയായിരുന്നു വി.എം. കുട്ടി മാഷ്. ഉൾഗ്രാമങ്ങളിൽ കുട്ടികളുണ്ടോ എന്നറിയണം. മാഷ് സുഹൃത്തായ പുളിക്കൽ കാരിക്കുഴിയൻ മുഹമ്മദ് മാസ്റ്റർ വഴി വിളയിൽ സ്‌കൂളിലെ സൗദാമിനി ടീച്ചറോട് കാര്യം പറഞ്ഞു. സ്‌കൂളിൽ നിന്ന് 10 പേരെ തെരഞ്ഞെടുത്തു. അവരിൽ ഒരാളായിരുന്നു ഞാനും. വി.എം. കുട്ടി മാഷ് പാട്ട് പാടിപ്പിച്ച് പത്ത് പേരിൽ നിന്ന് ഞാനടക്കം അഞ്ച് പേരെ തെരഞ്ഞെടുത്തു.
സൗദാമിനി ടീച്ചർ എഴുതിയ ഗാനം തന്നെയാണ് വി.എം. കുട്ടി മാഷുടെ ചിട്ടവട്ടത്തിൽ ആകാശവാണിയിൽ പാടിയത്. ഞങ്ങളുടെ നാടിനെക്കുറിച്ചായിരുന്നു ടീച്ചറുടെ പാട്ട്. കുതികുതിച്ചോടുന്ന പൂഞ്ചോല.. ഭഗവതിമലയിലെ ചെറുചോല.. പാട്ടിന് ഹാർമോണിയം വായിച്ചത് വി.എം. കുട്ടി മാഷായിരുന്നു. സംഗീത ശിൽപമായി കോറസ്സിട്ടായിരുന്നു അവതരണം. ഞാനായിരുന്നു മുഖ്യ ഗായിക. പിൽക്കാലത്ത് ആയിശ സഹോദരിമാർ എന്നറിയപ്പെട്ടവരായിരുന്നു മറ്റു ഗായികമാർ. പിൽക്കാലത്ത് എൽ.എ.എ ആയ കെ.എൻ.എ. ഖാദറും പാട്ടു സംഘത്തിലുണ്ടായിരുന്നു. ഒരു ഓണക്കാലത്തായിരുന്നു റെക്കോർഡിംഗ്. ആദ്യമായി ആകാശവാണിയിൽ പാടാനാവുക എന്നത് മാത്രമല്ല, കോഴിക്കോട് കാണുക, ദീർഘനേരം ബസിലിരിക്കുക എന്നതൊക്കെ എന്റെ അക്കാലത്തെ വലിയ ആഗ്രഹമായിരുന്നു.
ആകാശവാണിയിൽ പാടാൻ സ്‌കൂളിൽ നിന്ന് കൂടുതൽ പേരുണ്ടായിരുന്നെങ്കിലും എന്റെ കണ്ഠശുദ്ധി തിരിച്ചറിഞ്ഞിട്ടാവും വി.എം. കുട്ടി മാഷ് എനിക്ക് കൂടുതൽ അവസരം തന്നത്. ആകാശവാണിയിൽ അക്കാലത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 8.30 ന് ഭക്തിഗാനങ്ങളുണ്ടായിരുന്നു. റേഡിയോയിലെ പാട്ടുകാരിക്ക് സ്‌കൂളിൽ വലിയ സ്വീകരണമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ റേഡിയോയിലെ പാട്ടുകാരിയായത് മുതിർന്നവർക്കിടയിലും സംസാരമായി. ബാലലോകം പരിപാടിയിലെ ആദ്യഗാനം റേഡിയോയിൽ കേൾക്കുന്നത് ദാമോദരൻ മാഷുടെ വീട്ടിൽ ചെന്നാണ്. റേഡിയോയിലൂടെയും തെങ്ങിൽ കെട്ടിയ കോളാമ്പിയിലൂടെയും പാട്ടുകൾ വരുന്നത് എങ്ങനെയെന്ന് ബോധ്യമായത് അങ്ങനെയാണ്.
പുളിക്കൽ ചെന്താര തിയേറ്റേഴ്‌സ് എന്ന സംഘത്തിൽ വി.എം. കുട്ടി മാഷുടെ സംഘത്തിൽ ഞാൻ അംഗമായി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കെല്ലാം മാപ്പിളപ്പാട്ട് രീതിയിലാണ് പാട്ടുകൾ പാടിയിരുന്നത്. ഒരു മണിക്കൂർ ഗാനമേളയുണ്ടാകും. മാഷുടെ കൂടെ അന്നുണ്ടായിരുന്ന ആയിശ സഹോദരിമാരുടെ കൂടെ ഞാനുമുണ്ടായിരുന്നു. ഞങ്ങൾ പിന്നണി പാടും. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലായിരുന്നു പാട്ട്. വി.എം. കുട്ടിയും വിളയിൽ വൽസലയും അവതരിപ്പിക്കുന്ന ഗാനമേള എന്ന് അനൗൺസ് ചെയ്യുമ്പോൾ വല്ലാത്ത ആഹ്ലാദമാണ്. സ്‌കൂൾ പഠനത്തേക്കാളേറെ എനിക്ക് അതോടെ ഇഷ്ടം പാട്ടിനോടായി.
ഹിന്ദു സമുദായത്തിൽ പെട്ട ഒരു കുട്ടി തട്ടമിട്ട് മാപ്പിളപ്പാട്ട് പാടുന്നത് കേട്ട് എല്ലാവരും പ്രോൽസാഹിപ്പിച്ചു. എതിർപ്പുകൾ ഇരു സമുദായത്തിൽ നിന്നുമുണ്ടായില്ല. കുടുംബത്തിൽ നിന്ന് ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. വൽസല വളർന്നുവരുന്ന പെൺകുട്ടിയാണ്. ഇനിയും പാട്ടെന്ന് പറഞ്ഞ് ഊര് ചുറ്റാൻ വിടണോ എന്ന ആധിയായിരുന്നു കുടംബത്തിലുള്ളവർക്ക്. അമ്മാവന്മാർക്കായിരുന്നു പേടി കൂടുതൽ. അവർ വൽസലയെ പാടാൻ വിടണ്ടെന്ന് പറഞ്ഞു. എന്നാൽ എന്റെ അച്ഛൻ എതിർത്തില്ല. മകളെക്കുറിച്ചുള്ള ഭയം മറ്റുള്ളവർക്ക് വേണ്ടെന്ന് കരുതി പ്രോഗ്രാമിന് അച്ഛൻ കൂടെപ്പോരാൻ തുടങ്ങി.

കിരികീരി ചെരുപ്പുന്മേൽ....

ജീവിതത്തിൽ ഞാൻ ആദ്യമായി ട്രെയിൻ കയറുന്നത് ചെന്നൈയിലേക്ക് വി.എം. കുട്ടി മാഷോടൊപ്പമാണ്. എച്ച്.എം.വി കൊളംബിയ റെക്കോർഡിനായാണ് മദ്രാസിലേക്ക് പോയത്. മാഷ് എഴുതിത്തന്ന വരികളാണ് പാടേണ്ടത്. കിരികീരി ചെരുപ്പുന്മേൽ... അണഞ്ഞുള്ള പുതുനാരി.. ബല്ലിമാർ സമൂഹത്തിൽ.. വിളങ്ങീടുന്നേൻ.. റൊക്കോർഡ് ചെയ്ത പാട്ടു ഹിറ്റായി. റെക്കോർഡിൽ പാടിയവരുടെ പേരുകൾ ചേർക്കാറുണ്ട്. മാഷ് തന്നെയാണ് പറഞ്ഞത് വിളയിൽ വൽസല എന്ന പേര് മതിയെന്ന്. ആകാശവാണിയിൽ ആദ്യം പാടിയതിന് പത്ത് രൂപയാണ് കിട്ടിയതെങ്കിൽ മദ്രാസിൽ എനിക്ക് നൂറ് രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
മാപ്പിളപ്പാട്ട് സംഘങ്ങളുടെ മൽസരങ്ങൾ നടക്കുന്ന കാലമായിരുന്നു. കോഴിക്കോട്ട് എം.ഇ.എസ് സംഘടിപ്പിച്ച അഖിലേന്ത്യാ മാപ്പിളപ്പാട്ട് മൽസരത്തിൽ വി.എം. കുട്ടി മാഷുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ട്രൂപ്പിനായിരുന്നു വിജയം. മികച്ച ഗായികയായി എന്നെ തെരഞ്ഞെടുത്തു. വലിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് ആദ്യം ലഭിക്കുന്ന പുരസ്‌കാരമായിരുന്നു അത്. അന്ന് പാടിയ ഖല്ലാക്കായുള്ളോനേ... എന്ന ഗാനമാണ് പിൽക്കാലത്ത് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പാടേണ്ടിവന്നത്. ഇന്നും ഒരു വേദി ലഭിച്ചാൽ ആളുകൾ ആവശ്യപ്പെടുന്ന പാട്ടും ഖല്ലാക്കായുള്ളോനേ... എന്നതാണ്.
മാപ്പിളപ്പാട്ട് മൽസരങ്ങൾ കേരളം വിട്ട് മുംബൈയിൽ വരെ എത്തിയിരുന്നു. ഒരു സംഘം പാടിയതിന് മറുപടി പാടുകയാണ് മറ്റുള്ള ടീമുകൾ ചെയ്യേണ്ടത്. നിമിഷ നേരം കൊണ്ട് പാട്ടുകൾ കെട്ടിയുണ്ടാക്കാൻ വി.എം. കുട്ടി മാഷിന് കഴിഞ്ഞിരുന്നു. എ.പി. ഉമ്മർ കുട്ടി-എം.പി ഫൗസിയ, വി.എം. കുട്ടി-വിളയിൽ വൽസല, എരഞ്ഞോളി മൂസ-സിബല്ല, പീർമുഹമ്മദ്-ശൈലജ ടീമുകളാണ് മൽസരത്തിൽ മാറ്റുരക്കാറുള്ളത്.

പാട്ടുപഠിക്കാൻ വി.എം. കുട്ടി മാഷുടെ വീട്ടിൽ
 
എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് വി.എം. കുട്ടി മാഷുടെ വീട്ടിൽ നിന്ന് പഠിക്കുന്നത്. പുളിക്കൽ എ.എം.എം.എച്ച്.എസിൽ ചേർന്ന് പഠിച്ചു. മാഷുടെ വീട്ടിലേക്ക് മാറിയതും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ മാഷുടെ കുടുംബത്തോടൊപ്പമാണ് കഴിയുന്നത് എന്നതിനാൽ വിലക്കിയില്ല. അവിടം മുതലാണ് എന്റെ ജീവിതം പുതിയ വഴിയിലേക്ക് മാറുന്നത്.
അക്കാലത്ത് പെരുന്നാൾ പ്രോഗ്രാമുകളുണ്ടാവും. നാട്ടിലും ബാംഗ്ലൂർ പോലുള്ള വലിയ നഗരിങ്ങളിലുമൊക്കെയാണ് ഗാനമേളകൾ ഉണ്ടാവുക. പ്രോഗ്രാമിന് വേണ്ടി വി.എം. കുട്ടിമാഷുടെ വീട്ടിൽ നിന്ന് മാപ്പിളപ്പാട്ടുകൾ പഠിക്കാൻ എന്നെ കൂടാതെ ഇന്ദിര, ആയിഷ സഹോദരിമാർ തുടങ്ങിയവരുമുണ്ടാകും. ഞങ്ങൾ കുട്ടികൾ വി.എം. കുട്ടി മാഷുടെ മക്കളുമായി കൂട്ടുകൂടും. മാഷുടെ മരിച്ചുപോയ ഭാര്യ ആമിനക്കുട്ടി താത്തക്ക് എന്നെ വളരെ ഇഷ്ടവുമായിരുന്നു. അവരുടെ നിസ്‌കാരം, നോമ്പ് അനുഷ്ഠാനം, ഖുർആൻ പാരായണം തുടങ്ങിയവ അന്നുതെെേട്ട എന്നെ ആകർഷിച്ചിരുന്നു. മാഷുടെ മക്കളിൽ നിന്ന് അറബിയും അറബി മലയാളവും ഞാൻ കുറെ വശത്താക്കി. മാപ്പിളപ്പാട്ടിൽ വരുന്ന അറബി ഉച്ചാരണങ്ങൾ ഇതുവഴി എളുപ്പമാക്കാനായി.
നോമ്പ് കഴിഞ്ഞെത്തുന്ന പെരുന്നാളിന് വല്ലാത്ത സന്തോഷമാണ്. മാഷുടെ മക്കളായ ബുഷ്‌റ, ഷഹ്‌റു, കുഞ്ഞിമോൾ അവരായിരുന്നു എനിക്ക് കൂട്ട്. വി.എം. കുട്ടി മാഷുടെ വീട്ടിൽ വെച്ചാണ് ആദ്യ പെരുന്നാൾ ചോറുണ്ടതും. പെരുന്നാളിന് നെയ്‌ച്ചോറും തേങ്ങാച്ചോറുമുണ്ടാകും. ഇറച്ചി വരട്ടിയതും പരിപ്പിന്റെ കറിയും ചേരുന്നതോടെ പെരുന്നാൾ വിഭവമായി. അന്ന് മുസ്‌ലിം ആയിട്ടില്ലാത്ത ഞാനടക്കം വി.എം. കുട്ടി മാഷുടെ കുടംബത്തോടൊത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴുണ്ടാകുന്ന സന്തോഷം ഏറെ വലുതാണ്.
 
വൽസലയിൽ നിന്ന് ഫസീലയിലേക്ക്

വി.എം. കുട്ടി മാഷുടെ വീട്ടിൽ നിന്നാണ് മുസ്‌ലിം സംസ്‌കാരവും ഇസ്‌ലാമിക വീക്ഷണവും തൊട്ടറിഞ്ഞത്. തട്ടമിട്ട് മാപ്പിളപ്പാട്ട് പാടുന്ന വൽസല വേദിയിൽ അന്ന് ആസ്വാദകരുടെ അദ്ഭുതമായിരുന്നു. അറബി അക്ഷരങ്ങൾ എനിക്ക് വഴങ്ങുന്നതിന് കാരണമായതും മാഷുടെ കുടുംബവുമായുള്ള സൗഹൃദത്തിൽ നിന്നാണ്. യേശുദാസ് കാസറ്റിന് വേണ്ടി ബുർദ ആലപിച്ചപ്പോൾ പറഞ്ഞു കൊടുത്തതും ഞാനായിരുന്നു.
കേരളത്തിൽ പെരുന്നാൾ കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് ബാംഗ്ലൂരിൽ പെരുന്നാൾ. ഗൾഫിലേക്കാളേറെ ബാംഗ്ലൂരിലാണ് അന്ന് പെരുന്നാൾ പ്രോഗ്രാമുണ്ടായിരുന്നത്. മാഷുടെ വീട്ടിൽ നിന്ന് പെരുന്നാൾ ആഘോഷം കഴിഞ്ഞ് ഞങ്ങൾ അന്നു തന്നെ ബാംഗ്ലൂരിലേക്ക് തിരിക്കും. അവിടെ ഒരു മുസ്‌ലിം പള്ളിയുടെ സമീപത്തായിരുന്നു ഞങ്ങളുടെ താമസം. ആ പള്ളിയിലേക്ക് പെരുന്നാളിന് എത്തിയവരുടെ നിസ്‌കാരം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ദരിദ്രനെന്നോ, പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നായി നിന്നുകൊണ്ടുള്ള നിസ്‌കാരം. ആ രീതിയിൽ ഞാനാദ്യം കാണുകയാണ്. അന്ന് തൊട്ടാണ് വൽസലയിൽ ഫസീലയിലേക്ക് മാറ്റം വേണമെന്ന ആഗ്രഹം മുളച്ചതും. 1987 ലാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നത്. ചില സ്ഥലങ്ങളിൽ നിന്ന് എതിർപ്പ് വന്നു. വി.എം. കുട്ടി മാഷോട് പറഞ്ഞു. അദ്ദേഹം പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. അതോടെ എതിർപ്പ് കുറഞ്ഞു.
വി.എം. കുട്ടി മാസ്റ്ററുടെ വേർപാട് മാപ്പിള സാഹിത്യത്തിനു തന്നെ തീരാനഷ്ടമാണ്. എത്ര ഉയരത്തിലായാലും എല്ലാവരോടും സൗമ്യമായി പെരുമാറണമെന്നാണ് മാഷുടെ ഉപദേശം. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന മാപ്പിളപ്പാട്ടിനെ ഇന്ന് ലോകത്തിന്റെ നെറുകയിലെത്തിച്ചത് മാഷു തന്നെയാണ്. പാടിയും പറഞ്ഞും, എഴുതിയും തർക്കിച്ചും മാഷ് ഇശലിന്റെ നറുനിലാവ് പെയ്യിപ്പിച്ചു. വരാനിരിക്കുന്നവർക്ക് ചിക്കിച്ചികയാൻ ഒരുപാട് കാര്യങ്ങൾ ബാക്കി വെച്ചാണ് മൺമറയുന്നത്.