കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടേത് കൊലപാതകം,  സുഹൃത്തും മാതാപിതാക്കളും അറസ്റ്റില്‍

കൊച്ചി- കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ കൊലപാതകത്തില്‍ സുഹൃത്തും മാതാപിതാക്കളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. കോതമംഗലം പെരിയാര്‍ വാലിയുടെ ഭൂതത്താന്‍കെട്ട് ഹൈ ലെവല്‍ കനാലിന്റെ തീരത്താണ് നിരവത്തു കണ്ടത്തില്‍ എല്‍ദോസ് പോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടടുത്ത് ഇദ്ദേഹം ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. തലക്ക് പിറകിലേറ്റ പരിക്കാണ് മരണകാരണമെന്ന് ഉറപ്പായതോടെയാണ് കൊലപാതകമെന്ന സംശയത്തില്‍ പൊലീസെത്തുന്നത്. സ്‌കൂട്ടറിന് കാര്യമായ കേടുപാടില്ലാത്തതും സംശയം ബലപ്പെടുത്തി. സ്ഥരീകരിക്കാന്‍ എല്‍ദോസുമായി തര്‍ക്കമുള്ള ആളുകളെ കേന്ദ്രീകരിച്ച് കോതമംഗലം പോലീസ് നടത്തിയ അന്വേഷണമാണ് പ്രതി എല്‍ദോ ജോയിലേക്കെത്തുന്നത്. മരിച്ചയാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും അമ്മയില്‍ നിന്ന് പണം വാങ്ങി തിരികെ നല്‍കിയെന്നും പ്രതി പോലീസിന് ആദ്യം മോഴി നല്‍കി. ഇത് ശരിയാണോയെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തതാണ് കേസില്‍ വഴിത്തിരിവാകുന്നത്.
മകന് പണം നല്‍കിയില്ലെന്ന് അമ്മ പോലീസിനെ അറിയിച്ചതോടെ പ്രതി കുറ്റം സമ്മതിച്ചു. രാത്രിയില്‍ വീട്ടിലെത്തി പണം തിരികെ ചോദിച്ച് എല്‍ദോസ് തന്നെ മര്‍ദ്ദിച്ചുവെന്നും ഇതിന്റെ ദേഷ്യത്തില്‍ തിരികെ അക്രമിച്ചതാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രതി എല്‍ദോ ജോയിയുടെ മൊഴി. കോടാലി കൊണ്ട് പുറകിലടിച്ച് കൊന്നുവെന്നാണ് മോഴി. മൃതദേഹം കനാല്‍ തീരത്തെത്തിക്കാന്‍ സഹായിച്ച പ്രതിയുടെ പിതാവ് ജോയിയെയും മാതാവ് മോളിയെയും  അറസ്റ്റു ചെയ്തു. പിതാവും മാതാവും ചേര്‍ന്ന് മരിച്ച എല്‍്‌ദോസിന്റെ മൊബൈല്‍ ഫോണും കോലപാതകത്തിനുപയോഗിച്ച കോടാലിയും നശിപ്പിച്ചതായും പോലീസ് കണ്ടെത്തി. മൂവരെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത് നശിപ്പിച്ച മൊബൈല്‍ ഫോണിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു.
 

Latest News