Sorry, you need to enable JavaScript to visit this website.

വീരമൃത്യു വരിച്ച വൈശാഖിന് ജന്മനാടിന്റെ യാത്രാമൊഴി

കൊല്ലം- കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്.വൈശാഖിന്റെ സംസ്‌കാരം നടത്തി. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തില്‍ ആദരമര്‍പ്പിക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം മുന്‍ സൈനികരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഒട്ടേറെപ്പേരെത്തി.
തുടര്‍ന്ന് പാങ്ങോട് സൈനിക ക്യാംപ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം രാവിലെ സൈനിക അകമ്പടിയോടെ സ്വദേശമായ ഓടനാവട്ടത്തേക്കു കൊണ്ടുവന്നു. വൈശാഖ് പഠിച്ചിരുന്ന കുടവട്ടൂര്‍ എല്‍പി സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിച്ചു.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനം അവസാനിപ്പിച്ച് വൈശാഖിന്റെ വീട്ടിലേക്ക് ദേശീയ പതാക പുതപ്പിച്ച് ഭൗതികശരീരം മാറ്റുമ്പോഴും വന്‍ ജനാവലി അനുഗമിച്ചു. വൈശാഖിന്റെ അമ്മയുടെയും സഹോദരിയുടെയും സങ്കടം തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തിലെ ഓരോ മനുഷ്യരുടെയും നൊമ്പരമായി. തുടര്‍ന്ന് സൈന്യത്തിലെ സഹപ്രവര്‍ത്തകര്‍ ഔദ്യോഗിക യാത്രാമൊഴി നല്‍കി. പിന്നാലെ ഭൗതികശരീരം സംസ്‌ക്കരിച്ചു. ഇരുപത്തി നാലാം വയസില്‍ നാടിനായി ജീവന്‍ ബലി നല്‍കിയ വൈശാഖ് ഇനി ഇന്ത്യന്‍ സൈനിക സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മ.
ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികരാണ് മരിച്ചത്. പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ചു ഭീകരരെ വധിച്ചു. 2017ല്‍ 19-ാം വയസ്സിലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വൈശാഖ് ഇക്കഴിഞ്ഞ ഓണത്തിനാണ് നാട്ടില്‍ അവസാനമായി വന്നത്.
 

Latest News