Sorry, you need to enable JavaScript to visit this website.

തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് മറ്റൊരു തട്ടിപ്പ്. പണം പോകാൻ വഴികളേറെ

 

കോഴിക്കോട് : തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി അവരുടെ  വലയിൽ വീഴാതെ സൂക്ഷിക്കണമെന്ന് പറഞ്ഞു കൊണ്ട് മറ്റൊരു തട്ടിപ്പ്. ഓരോ ദിവസവും നിരവധി പേരാണ് ഈ ഹൈടെക് തട്ടിപ്പുകാരുടെ വലയിൽ വീണു പോകുന്നതും പണം നഷ്ടമാകുന്നതും. 
നിങ്ങൾക്ക് അക്കൗണ്ടും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് സൗകര്യവുമുള്ള ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പുകാരുടെ ഫോൺ വരുന്നത്. വിളിക്കുന്നയാൾ ബാങ്കിന്റെ പേരും തന്റെ പേരും എംപ്ലോയീ കോഡ് എന്ന പേരിൽ ഒരു നമ്പറും  പറഞ്ഞു കൊണ്ടാണ് പരിചയപ്പെടുത്തുക. ഫോൺ എടുക്കുന്ന ആളിന്റെ പേരും മേൽവിലാസവും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമെല്ലാം കൃത്യമായി തന്നെ പറഞ്ഞു കൊണ്ട് വിശ്വാസം ഉറപ്പിക്കുകയാണ് അടുത്ത പടി. ഇതോടുകൂടി ഫോൺ എടുത്തയാൾ തനിക്ക് അക്കൗണ്ട് ഉള്ള  ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന്് കരുതി സംസാരിക്കാൻ തയ്യാറായി തുടങ്ങും. ഇംഗ്ലീഷിലോ , ഹിന്ദിയിലോ ആണ് ആദ്യം വിളിക്കുകയെങ്കിലും ഫോൺ എടുക്കുന്ന ആൾക്ക് ഭാഷ അറിയില്ലെങ്കിൽ എത് ഭാഷയിലാണ് സംസാരിക്കേണ്ടതെന്ന് ചോദിച്ച ശേഷം ആ ഭാഷ അറിയാവുന്ന മറ്റൊരാൾക്ക് കൈമാറാമെന്ന് പറഞ്ഞ് ഫോൺ മറ്റൊരാൾക്ക് കൈമാറും. മിക്കവാറും പെൺകുട്ടികളെയാകും ഇതിന് ഉപയോഗപ്പെടുത്തുക.
പിന്നീട് മറു തലയ്ക്കലുള്ള തട്ടിപ്പുകാരന്റെ വക രണ്ടോ മൂന്നോ മിനിട്ട് സാരോപദേശമാണ്. ഇന്റർനെറ്റ് വഴി ബാങ്ക് അക്കൗണ്ടുകളിൽ നുഴഞ്ഞു കയറി തട്ടിപ്പുകാർ പണം കൊണ്ടുപോകുന്നതിനെപ്പറ്റി വിശദമായി തന്നെ പറയും. ഇത്തരം തട്ടിപ്പുകൾ വളരെ വ്യാപകമായിരിക്കുകയാണെന്നും ഒരു കാരണവശാലും ഇതിൽ പെട്ടുപോകരുതെന്നും സ്വന്തം ബാങ്കിനല്ലാതെ മറ്റാർക്കും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് യാതൊരു വിവരവും നൽകരുതെന്നും സ്‌നേഹത്തിന്റ ഭാഷയിൽ തന്നെ ഉപദേശിക്കും. 
ഇതോടെ ഫോൺ എടുത്ത ആൾ പൂർണ്ണമായും തട്ടിപ്പുകാരന്റെ വലയിൽ വീണു കഴിഞ്ഞിരിക്കും. ഇനിയാണ് പ്രധാന പണി. താങ്കളുടെ ബാങ്ക് അക്കൗണ്ട് ഇത്തരത്തിൽ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ കാർഡുള്ള എല്ലാ ഉപഭോക്താക്കൾക്കും  ഒരു ട്രിപ്പിൾ ലൈൻ സുരക്ഷ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും പറയും അങ്ങനെ ചെയ്താൽ താങ്കളറിയാതെ രെു രൂപ പോലും അക്കൗണ്ടിൽ നിന്ന് ആർക്കും പിൻവലിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസവും പകർന്ന് നൽകും. ഇത്തരം ഒരു സുരക്ഷ ആവശ്യമുണ്ടോയെന്നും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ അത് ചെയ്യാമെന്നും പറയും.  തട്ടിപ്പുകാരാണ് വിളുക്കുന്നതെന്നറിയാതെ സുരക്ഷ വേണം എന്ന മറുപടിയായിരിക്കും അധികം പേരും നൽകുക.
ഇതോടെ ഇര പൂർണ്ണമായും തങ്ങളുടെ വരുതിയിലായിക്കഴിഞ്ഞുവെന്ന് തട്ടിപ്പുകാർക്ക് ബോധ്യം വരും. വിസ, മാസ്റ്റർ കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും കാർഡ് ആണോ ഉപയോഗിക്കുന്നതെന്നാകും  അടുത്ത ചോദ്യം. അത് കഴിഞ്ഞാൽ ആദ്യത്തെ ആറ് നമ്പർ ഒഴികെയുള്ള  കാർഡിലെ നമ്പർ പറയാൻ പറയും. ആദ്യ ആറ് നമ്പറുകൾ ആരു തന്നെ ചോദിച്ചാലും ഒരു കാരണവശാലും വെളിപ്പെടുത്തരുതെന്നും ഈ നമ്പറുകൾ തീർത്തും രഹസ്യമാക്കി തന്നെ സൂക്ഷിക്കണമെന്നും പറയും. താങ്കളുടെ ബാങ്കിൽ നിന്ന് വിളിക്കുന്ന ഞങ്ങൾക്ക് പോലും ഇത് ചോദിക്കാൻ അവകാശമില്ലെന്നും പറഞ്ഞുകൊണ്ട് വിളിക്കുന്ന ആളുടെ വിശ്വാസം ഒന്നു കൂടി ഉറപ്പിക്കും. ഇവിടെയാണ് ഏറ്റവും വലിയ ചതി. ഡെബിറ്റ് കാർഡിലേയോ ക്രെഡിറ്റ് കാർഡിലേയോ ആദ്യ ആറോ അല്ലെങ്കിൽ എട്ടോ അക്കങ്ങൾ കാർഡ് ഇഷ്യൂ ചെയ്യുന്ന കമ്പനിയുടെ കോഡ് മാത്രമാണ്. 

ഓരോ കമ്പനിക്കും അല്ലെങ്കിൽ ബാങ്കിനും സ്ഥിരമായി ഇത്തരം നമ്പർ ഉണ്ടായിരിക്കും. ഇത്  ആർക്കും എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതാണ്. വ്യക്തിയുടെ സ്വകാര്യമായി സൂക്ഷിക്കേണ്ട അക്കൗണ്ട് നമ്പർ ഫോൺ വിളിക്കുന്ന ആളിന്റെ വലയിൽ കുടുങ്ങി അടുത്ത ഘട്ടം ഈ നമ്പറുകൾ പറഞ്ഞുകൊടുക്കും. ഇനിയാണ് തട്ടിപ്പുകാരന്റെ അവസാനത്തെ പണി.  കമ്പ്യൂട്ടറിൽ അടിച്ചു നോക്കിയിട്ട് ഇങ്ങനെയൊരു കാർഡ് ഉള്ളതായി കാണുന്നില്ലല്ലോയെന്നും വെരിഫിക്കേഷന് വേണ്ടി കാർഡിന്റെ പിൻഭാഗത്തുള്ള മൂന്നക്ക നമ്പർ പറയാൻ പറയും. അത് കൂടി പറയുന്നതോടെ എല്ലാം കഴിഞ്ഞു. രഹസ്യ കോഡ് അടക്കം ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ മുഴുവൻ വിവരങ്ങളും തട്ടിപ്പുകാർക്ക് കിട്ടിക്കഴിഞ്ഞു. ഇതോടെ ട്രിപ്പിൾ ലൈൻ സുരക്ഷ ഏർപ്പെടുത്തി കഴിഞ്ഞുവെന്നും ഇതുവരെ സംസാരിക്കാനും വിവരങ്ങൾ കൈമാറാനും ക്ഷമ കാണിച്ചതിന് നന്ദിയും  പറഞ്ഞു കൊണ്ട് വിളിച്ചയാൾ ഫോൺ കട്ട് ചെയ്യും. അക്കൗണ്ടിലുള്ള നിങ്ങളുടെ പണം എത്രയും വേഗം അവരുടെ കൈയിലേക്കെത്താനുള്ള ബാക്കി കാര്യങ്ങളൊക്കെ ഇനി തട്ടിപ്പുകാർ നോക്കിക്കൊള്ളും.

ഇത്തരത്തിൽ നൂറ് കണക്കിനാളുകളാണ് ഓരോ ദിവസവും തട്ടിപ്പിനിരയാകുന്നതെന്ന് ബാങ്ക് അധികൃതർ പറയുന്നു. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ്  വിളിച്ചാൽ പോലും ഡെബിറ്റ് കാർഡിന്റെയോ ക്രെഡിറ്റ് കാർഡിന്റെയോ നമ്പർ നൽകരുതെന്ന് പറഞ്ഞ് എല്ലാ ഉപഭോക്താക്കൾക്കും ഫോണിൽ മെസേജ് അയച്ചിട്ടും സമൂഹമാധ്യങ്ങൾ വഴിയും പത്രങ്ങൾ വഴിയും വ്യാപക പ്രചാരണങ്ങൾ നടത്തിയിട്ടും തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നാണ് ബാങ്കുകാർ പറയുന്നത്. അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്ന് കാർഡിലെ നമ്പർ ചോദിച്ച് ഒരു കാരണവശാലും വിളിക്കില്ലെന്നും അഥവാ ആരെങ്കിലും വിളിച്ചാലും നമ്പർ തരാൻ കഴിയില്ലെന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ബാങ്കിൽ വിവരം അറിയിക്കുകയാണ് വേണ്ടതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
 

Latest News