അയോധ്യയില്‍ പൂജാ പന്തലില്‍ വെടി; ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

അയോധ്യ- ഫൈസാബാദ് കോട്‌വാലി പ്രദേശത്തെ ദുര്‍ഗാ പൂജ പന്തലിനകത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നീല്‍ ഗൊദാം പൂജ പന്തലിലേക്ക് ബുധനാഴ്ച രാത്രി രണ്ട് ബൈക്കുകളിലാണ് അക്രമികള്‍ എത്തിയതെന്ന് അയോധ്യ എസ്.എസ്.പി ശൈലേശ് പാണ്ഡെ പറഞ്ഞു. മഞ്ജിദ് യാദവ് എന്നയാളാണ് സംഭവസ്ഥലത്ത് മരിച്ചത്. ഇയാള്‍ക്ക് സമീപം ഇരുന്നിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു യുവാവിനും പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയില്‍നിന്ന് ലഖ്‌നൗവിലെ കെ.ജി.എം.യു ട്രോമകെയറിലേക്ക് മാറ്റി.
അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യക്തിപരമായ ശത്രുതയാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതായി ലഖ്‌നൗ സോണ്‍ എ.ഡി.ജി എസ്.എന്‍. സബത്ത് പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ രാവിലെ ഒരാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പോലീസിന്റെ നാല് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

Latest News