Sorry, you need to enable JavaScript to visit this website.

ആ വലിയ വാക്കുകൾ കുഞ്ഞൻ പുസ്തകത്തിൽ വായിക്കാം 'കലാം കോട്‌സ്' 

തൃശൂർ- മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റ മഹത്തായ ഉദ്ധരണികൾ 'കലാം കോട്‌സ്' എന്ന പേരിൽ ഒന്നര ഇഞ്ച് നീളവും ഒരിഞ്ച് വീതിയും മൂന്നു ഗ്രാം തൂക്കവും മാത്രമുള്ള കൗതുകകരമായ മിനിയേച്ചർ പുസ്തകരൂപത്തിൽ.  നഗ്‌നനേത്രങ്ങൾകൊണ്ട് വായിക്കാൻ കഴിയുന്ന തരത്തിൽ പ്രസിദ്ധീകരിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവൻ വിദ്യാലയങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കും സൗജന്യമായി എത്തിക്കാൻ ശ്രമിക്കുകയാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രീസ് ഫൗണ്ടേഷൻ.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ഏറ്റവും ചിന്താപരമായ 51  ഉദ്ധരണികളാണ് ഒരു എ ഫോർ ഷീറ്റ് കൊണ്ട് ഒരു പുസ്തകം എന്ന തരത്തിൽ സെറ്റ് ചെയ്തത്. 60 പേജുകളുള്ള ഈ കുഞ്ഞൻ പുസ്തകം  ഇംഗ്ലീഷ് ഭാഷയിൽ മൾട്ടി കളറിൽ ആണ് പ്രിന്റ് ചെയ്തിരിക്കുന്നത്.
ഒരു സെന്റീമീറ്ററിനും അഞ്ചു സെന്റീമീറ്ററിനും ഇടയിൽ മാത്രം വലുപ്പമുള്ളതും നഗ്‌നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയുന്നതുമായ  വ്യത്യസ്തമായ 3137 മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗിന്നസ് സത്താറാണ് നൂതനമായ രീതിയിൽ ഈ പുസ്തകം രൂപകല്പനചെയ്ത് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാലയങ്ങളിൽ അബ്ദുൽ കലാമിന്റെ ഉദ്ധരണികൾ അടങ്ങിയ പോസ്റ്ററുകളുടെ പ്രദർശനം നടത്തി ഒരുലക്ഷം വിദ്യാർഥികളിൽനിന്ന് അവരവരുടെ സ്വപ്നങ്ങൾ എഴുതി വാങ്ങി 1000 അടി നീളമുള്ള ക്യാൻവാസിൽ പ്രദർശിപ്പിച്ച് യു.ആർ.എഫ് വേൾഡ് റെക്കോർഡ് നേടിയ ബ്രീസ് ഫൗേേണ്ടഷൻ ചെയർമാൻ ബി. ലൂയിസാണ് കലാം കോട്‌സ് പബ്ലിഷ് ചെയ്യുന്നത്.
ബി. ലൂയിസ് / ഗിന്നസ് സത്താർ, കൃപ കോംപ്ലെക്‌സ്, സെക്കന്റ് ഫ്‌ളോർ, ഈസ്റ്റ് നട, ഗുരുവായൂർ പി.ഒ, തൃശൂർ 680101 എന്ന വിലാസത്തിൽ മടക്ക തപാൽ സഹിതം എഴുത്ത് അയക്കുന്ന മുഴുവൻ വിദ്യാലയങ്ങൾക്കും ഗ്രന്ഥശാലകളും വ്യക്തികൾക്കും എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനവും വേൾഡ് സ്റ്റുഡൻസ് ഡേയുമായ ഒക്ടോബർ 15 മുതൽ പുസ്തകം സൗജന്യമായി നൽകുമെന്ന് ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ബി. ലൂയിസ് അറിയിച്ചു.
 

Latest News