Sorry, you need to enable JavaScript to visit this website.

കാർഷിക വിളകളിൽ തേരട്ടകളുടെ ശല്യം  

തേരട്ടകളുടെ ആക്രമണം നേരിട്ട വഴിക്കടവിലെ കൃഷിയിടത്തിൽ അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

എടക്കര- വഴിക്കടവിൽ തേരട്ടകളുടെ ആക്രമണം നേരിടുന്ന കൃഷിയിടത്തിൽ വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധന നടത്തി. വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസർ ഇന്ദുലേഖയാണ് കൃഷിയിടം സന്ദർശിച്ചു പരിശോധന നടത്തിയത്. വനങ്ങളിൽ കാണുന്ന തരം കറുത്ത തേരട്ടകളാണിവ. എന്നാൽ വിളകളെ ആക്രമിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദമായ പരിശോധന ആവശ്യമാണെന്നു അവർ പറഞ്ഞു. വനത്തോട് ചേർന്ന് കിടക്കുന്നതും കളകൾ നിറഞ്ഞതുമാണ് കൃഷിയിടം. അനുകൂല കാലാവസ്ഥ ഇവയുടെ വർധനവിനു കാരണമായി. അട്ടകളുടെ എണ്ണത്തിൽ വർധനയുണ്ടായപ്പോൾ മണ്ണിലെ ഭക്ഷണം തികയാതെ വരികയും വിളകൾ നശിപ്പിക്കുന്ന സാഹചര്യത്തിലേക്കു മാറിയതകാമെന്നുമാണ് നിഗമനം. സാധാരണഗതിയിൽ അഴുകിയ വസ്തുക്കൾ ഭക്ഷിച്ച് ജീവിക്കുന്ന സ്വഭാവമുള്ള ഇവ മണ്ണിനു വളക്കൂറ് കൂട്ടുന്നവയുമാണ്. മറ്റു കൃഷിയിടങ്ങളിലേക്കു പകരാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധാഭിപ്രായം. വിശദമായ പരിശോധനക്കു ഇവയുടെ സാമ്പിൾ ശേഖരിച്ചു. നിലവിലുള്ള ഈ ജീവി വർഗത്തിന് എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്നു വിശദമായി പഠനം നടത്തും. ഇവയെ കണ്ടെത്തിയ തോട്ടത്തിൽ വേപ്പെണ്ണ അധിഷ്ഠിതമായ കീടനാശിനി പ്രയോഗിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. മഴ മാറിയാൽ സ്വാഭാവികമായി ഇവ നിയന്ത്രണ വിധേയമാകുമെന്നാണ് കരുതുന്നത്. കർഷകർ ഭയപ്പെടേ സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നു ഉദ്യോഗസ്ഥർ ഇന്നലെ എത്താത്ത സാഹചര്യത്തിൽ ഇവയുടെ സാമ്പിൾ കൊടുത്തയച്ചിട്ടുണ്ട്.  വഴിക്കടവിലെ അമയോലിക്കൽ ഇമ്മാനുവേലിന്റെ കൃഷിയിടത്തിലാണ് തേരട്ടകളുടെ ആക്രമണം വ്യാപകമായി കണ്ടെത്തിയത്. പാവൽ, വെള്ളരി തുടങ്ങിയ വിളകളുടെ ഇളം നാമ്പുകളും തളിരിലകളും വ്യാപകമായി തിന്നുനശിപ്പിച്ചതിനെത്തുടർന്നാണ് കൃഷി വകുപ്പ് അധികൃതർക്ക് വിവരം നൽകിയത്. പകൽ സമയങ്ങളിൽ മണ്ണിനടിയിൽ കഴിയുന്ന ഇവ രാത്രി കൂട്ടത്തോടെ വിളകൾ തിന്നു നശിപ്പിക്കുകയാണ് ചെയ്യുന്നത്. എ.ഡി.എ ഇൻചാർജ് എം.കെ. രജനി, വഴിക്കടവ് കൃഷി ഓഫീസർ ഇൻചാർജ് നീതു തങ്കം, കൃഷി അസിസ്റ്റന്റുമാരായ സുനിൽ, റുബീഷ്, ജോബി, പെസ്റ്റ് സ്‌കൗട്ട് വൈശാഖ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Latest News