ഇടഞ്ഞ ആനയുടെ പുറത്ത് പാപ്പാന്‍ കുടുങ്ങിയത് 12 മണിക്കൂര്‍

പത്തനംതിട്ട- ഇലന്തൂര്‍ മുത്തന്‍കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തടി പിടിക്കാന്‍ കൊണ്ടുവന്ന ഹരിപ്പാട് സ്വദേശിയുടെ അപ്പു എന്ന മോഴയാന നാടിനെ 12 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തി.
ബുധനാഴ്ച പകല്‍ ഒന്‍പത് മണിയോടെയാണ് മുത്തന്‍കുഴിയില്‍ തടി പിടിക്കാനായി കൊണ്ടുവന്ന ആന ഇടഞ്ഞത്. ഈ സമയം രണ്ടാം പാപ്പാനും പ്രദേശവാസിയുമായ രവീന്ദ്രന്‍ ആനയുടെ പുറത്ത് ഉണ്ടായിരുന്നു. വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ തട്ടി മറിച്ചശേഷം ഏതാനും റബര്‍ മരങ്ങളും പിഴുതെറിഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിക്കാനും ശ്രമിച്ചു. ഒന്നാം പാപ്പാന്‍ ജനവാസമില്ലാത്ത കുന്നിലേക്ക് ബുദ്ധിപൂര്‍വം ആനയെ ഓടിച്ച് കയറ്റിയതുകൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായി. മണിക്കൂറുകളോളം മുത്തല്‍ കുഴിയിലെ റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ 12 മണിക്കൂറിന് ശേഷം വൈകുന്നേരം ആറ് മണിയോടെയാണ് മറ്റ് ആനകളുടെ പാപ്പാന്‍മാര്‍ ചേര്‍ന്ന് തളച്ച് രവീന്ദ്രനെ താഴെയിറക്കിയത്. 12 മണിക്കൂര്‍ ഇടഞ്ഞ ആനയുടെ മുകളില്‍ ആശങ്കാകുലരായ ബന്ധുക്കളുടെ മുന്നിലാണ് രവീന്ദ്രന്‍ കഴിച്ച് കൂട്ടിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ ഗോപകുമാര്‍, പത്തനംതിട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍, റാന്നി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി പി പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും വെറ്റിനറീ ഡോക്ടറില്ലാത്തതിനാല്‍ കാഴ്ചക്കാരാകേണ്ടി വന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എലിഫന്റ് സ്‌ക്വാഡിന്റെ തലവനായിരുന്ന ഡോ. ഗോപകുമാര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പത്തനംതിട്ട എലിഫെന്റ് സ്‌കോഡി ല്‍ സ്ഥിരം മയക്കുവെടി വിദഗ്ധരായ വെറ്ററിനറി ഡോക്ടര്‍ മാരുടെ സേവനം ലഭിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. നിലവില്‍ തേക്കടിയില്‍ നിന്നു വിദഗ്ധര്‍ എത്തിച്ചേരേണ്ട അവസ്ഥയാണ്.

 

 

Latest News