പയ്യന്നൂര്‍- ഭര്‍തൃമതിയായ യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി ചിറ്റടിയിലെ ടി.പി. നിധിഷ (23) യാണ് മരിച്ചത്.
ഭര്‍തൃഗൃഹത്തിലായിരുന്ന യുവതി രണ്ടര വയസുള്ള മകനെയും കൂട്ടി മൂന്നുദിവസം മുമ്പാണ് ചിറ്റടിയിലെ കുടുംബ വീട്ടിലെത്തിയത്. അമ്മ ജോലിക്ക് പോകുകയും, പിതാവ് അടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുകയും ചെയ്ത സമയത്താണ് സംഭവം. ഉറങ്ങുകയായിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് മുറിയിലേക്ക് വന്ന പിതാവ് ചന്ദ്രനാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു.
രാമന്തളി കുന്നരു ചിറ്റടിയിലെ ചന്ദ്രന്‍-സുനിത ദമ്പതികളുടെ മകളാണ്. പയ്യന്നൂര്‍ സുമംഗലി ടാക്കീസിന് സമീപം താമസിക്കുന്ന സുജിത്ത് ആണ് ഭര്‍ത്താവ്. പയ്യന്നൂരിലെ ഒരു ആശുപത്രിയിലെ ജീവനക്കാരായ നിധിഷയും സജിത്തും പ്രണയിച്ച് നാലുവര്‍ഷം മുമ്പാണ് വിവാഹിതരായത്. മകന്‍ ധ്യാന്‍ജിത്ത്. സഹോദരന്‍ നിധിന്‍.
മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. യുവതി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. യുവതിയുടെ ബന്ധുവിന്റെ മൊഴി പ്രകാരം പയ്യന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.






