Sorry, you need to enable JavaScript to visit this website.

ഇനിയീ അച്ഛൻ പൊള്ളിയടർന്നു ജീവിക്കണ്ട, അനീഷിനെ കെ.എം.സി.സി കണ്ടെത്തി

നജ്‌റാൻ- കഴിഞ്ഞ ഏഴ് വർഷമായി വീടുമായി ബന്ധപ്പെടാതിരുന്ന മലയാളിയെ കെ.എം.സി.സി പ്രവർത്തകർ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷിനെയാണ് നജ്‌റാൻ കെ.എം.സി.സി പ്രവർത്തകർ കണ്ടെത്തിയത്. ഏഴു വർഷമായി മകനെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്നും മകനെ കണ്ടെത്തണമെന്നും ഇദ്ദേഹത്തിന്റെ അച്ഛൻ അശോകൻ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന നടത്തിയിരുന്നു. നജ്‌റാൻ കെ.എം.സി.സി ആക്ടിംഗ് പ്രസിഡൻറ് ലുക്മാൻ ചേലേമ്പ്ര,  കെ.എം.സി.സി ജുർബ ഏരിയ കമ്മിറ്റി സിക്രട്ടറി  ഷറഫുദ്ധീൻ പൂളപ്പൊയിൽ,സേവ്യർ ദാസ് മാർത്താണ്ഡം തുടങ്ങിയവരുടെ അന്വേഷണത്തിലാണ് അനീഷിനെ കണ്ടെത്തിയത്. നാട്ടിൽ അച്ഛനുമായി അനീഷ് ഫോണിൽ സംസാരിക്കുകയും ചെയ്തു. പതിമൂന്ന് വർഷം മുമ്പാണ് അനീഷ് സൗദിയിലേക്ക് വന്നത്. ആറുവർഷത്തോളം വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് ബന്ധം നിലച്ചു. ഇഖാമ ഇല്ലാത്തതിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ കാരണമെന്നാണ് അനീഷ് പറയുന്നത്. മകനുമായി സംസാരിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അച്ഛൻ അശോകൻ പറഞ്ഞു. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
 

Tags

Latest News