ലഖ്‌നൗ- ഭർത്താവിനെ ആക്രമിക്കുന്ന സംഘത്തെ സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രകടനത്തിലൂടെ തോക്കു ചൂണ്ടി തുരത്തിയോടിച്ച ധീര വനിത സാമൂഹിക മാധ്യമങ്ങളിൽ ഹീറോ ആയി. ലഖ്‌നൗവിലെ കകോഡിയിൽ സ്വന്തം വീട്ടിനു മുന്നിലാണ് സമയോജിത ഇടപെടലിലൂടെ ഇവർ ഭർത്താവിനെ അജ്ഞാതരായ നാലഞ്ചു പേരടങ്ങുന്ന ആക്രമി സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്തിയത്. 'റിവോൾവർ റാണി' എന്നാണ് ഇവരെ പലരും സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചത്. ശനിയാഴ്ച രാവിലെ 11.20നാണ് സംഭവം നടന്നത്. വീട്ടിനു മുമ്പിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയത്.
ഗെയ്റ്റ്‌നു മുന്നിൽ ഒരാളുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് പൊടുന്നനെ എത്തിയ ആക്രമികൾ ഇവരുടെ ഭർത്താവിനു മേൽ ചാടി വീണത്. കൂട്ടത്തിൽ രണ്ടു പേർ മുഖം മറച്ചിട്ടുണ്ട്. അടിച്ചു വീഴ്ത്തി ദണ്ഡു കൊണ്ട് അടിക്കുന്ന രംഗവും വീഡിയോയിലുണ്ട്. ഇതിനിടെയാണ് ഓടി എത്തിയ ഭാര്യ ആക്രമികൾക്കു നേരെ തോക്കു ചൂണ്ടിയത്. ഇതു കണ്ട ആക്രമികൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നതും കാണാം.
സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആക്രമികൾക്കു വേണ്ടിയുള്ള തിരച്ചിലാരംഭിച്ചു. ആക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
#WATCH Man attacked by unknown assailants is saved by gun toting wife in Lucknow district's Kakori. Police begin investigation (4.2.18) pic.twitter.com/7bfp9600WN
— ANI UP (@ANINewsUP) February 5, 2018