Sorry, you need to enable JavaScript to visit this website.

ബോട്ട് ഉപയോഗിച്ച് ഹൂത്തികളുടെ ആക്രമണ ശ്രമം പരാജയപ്പെടുത്തി

റിയാദ് - സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ബാബ് അല്‍മന്ദബ് കടലിടുക്കിലും ചെങ്കടലിന് തെക്കും ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. ബാബ് അല്‍മന്ദബ് കടലിടുക്കിലും ചെങ്കടലിന് തെക്കും കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഹൂത്തികള്‍ തയാറാക്കിയ രണ്ടു റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ സഖ്യസേന തകര്‍ത്തു. ആക്രമണങ്ങള്‍ നടത്തുന്നതിന് തൊട്ടുമുമ്പാണ് ഹൂത്തികളുടെ ബോട്ടുകള്‍ സഖ്യസേന തകര്‍ത്തത്. ചെങ്കടലിന് തെക്ക് ആഗോള വ്യാപാരത്തിനും സമുദ്ര ഗതാഗതത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂത്തികള്‍ തുടരുകയാണ്. അല്‍ഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തി സ്റ്റോക്ക്‌ഹോം സമാധാന കരാര്‍ ലംഘിക്കുന്നത് ഹൂത്തികള്‍ തുടരുകയാണെന്ന് സഖ്യസേന പറഞ്ഞു.
ദക്ഷിണ സൗദിയില്‍ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ ചൊവ്വാഴ്ച രാത്രി സഖ്യസേന തകര്‍ത്തിരുന്നു. ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു.
അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക നിയമങ്ങള്‍ക്കും യോജിക്കുന്ന നിലയിലാണ് യെമനില്‍ സഖ്യസേന സൈനിക നടപടികള്‍ സ്വീകരിക്കുന്നതെന്ന് സഖ്യസേന പറഞ്ഞു. മാരിബിലെ അല്‍അബ്ദിയയില്‍ സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് യെമന്‍ പ്രതിരോധ മന്ത്രാലയത്തിന് പിന്തുണ നല്‍കുന്ന സൈനിക നടപടികളാണ് സ്വീകരിക്കുന്നതെന്നും സഖ്യസേന പറഞ്ഞു.

 

Latest News