ലഖിംപൂര്‍ കൂട്ടക്കൊല: കേന്ദ്ര മന്ത്രിയെ പുറത്താക്കി സ്വതന്ത്ര അന്വേഷണം വേണം; രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കയറ്റി കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതി റാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. മന്ത്രിയെ മാറ്റി നിര്‍ത്താതെ സംഭവത്തില്‍ നീതിപൂര്‍ണമായ അന്വേഷണം നടക്കില്ലെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് സംഘം ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാരുമായി സംസാരിക്കാമെന്ന് രാഷ്ട്രപതി മറുപടി നല്‍കിയതായും കോണ്‍ഗ്രസ് അറിയിച്ചു. 

കേന്ദ്ര മന്ത്രിയെ പുറത്താക്കി സംഭവം അന്വേഷിക്കണമെന്നത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമല്ലെന്നും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളുടെ ആവശ്യമാണെന്നും കോണ്‍ഗ്രസ് യുപി ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. കേസിലെ പ്രതിയുടെ അച്ഛന്‍ മന്ത്രിയായിരിക്കെ നീതി ലഭിക്കില്ലെന്ന് കുടുംബം വിശ്വസിക്കുന്നു. ഇതു തന്നെയാണ് യുപിയിലെ ജനങ്ങളും ശരിയായി കാര്യങ്ങളെ വിലയിരുത്തുന്ന രാജ്യത്തെ മറ്റെല്ലാവരുടേയും ആവശ്യമെന്നും പ്രിയങ്ക പറഞ്ഞു. സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാര്‍ ഈ സംഭവം അന്വേഷിക്കണമെന്നും കൊലപാതകികള്‍ ശിക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എ കെ ആന്റണി, മല്ലികാര്‍ജുന്‍ ഖഡ്‌ഗെ, കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, അധിര്‍ രജ്ഞന്‍ ചൗധരി എന്നിവരും രാഷ്ട്രപതിയെ കണ്ട കോണ്‍ഗ്രസ് സംഘത്തിലുണ്ടായിരുന്നു. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ മന്ത്രി പുത്രനും സംഘവും വാഹനം ഇടിച്ചു കയറ്റി നാലു കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷമുണ്ടാക്കിയത്. മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സംഭവത്തില്‍ ആശിഷിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Latest News