ക്ലാസില്‍ തൊപ്പിയിട്ടതിന് കളിയാക്കി; ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം, 8 പേര്‍ അറസ്റ്റില്‍

ബെംഗളുരു- ക്ലാസില്‍ തൊപ്പി ധരിച്ചെത്തിയതിന് സഹപാഠി കളിയാക്കിയത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. കര്‍ണാടകയിലെ ബഗല്‍കോട്ട് ജില്ലയിലെ ഇല്‍ക്കലിലാണ് സംഭവം. തൊപ്പിയിട്ടെത്തിയ 15കാരനെ സഹപാഠി കളിയാക്കിയത് ചോദ്യം ചെയ്യാന്‍ ഒരു സംഘമെത്തിയതോടെയാണ് സംഭവം സംഘര്‍ഷത്തിലെത്തിയത്. സംഭവം വിദ്യാര്‍ത്ഥി തന്റെ കൂട്ടുകാരോട് പരാതിപ്പെട്ടു. തുടര്‍ന്ന് ഒരു സംഘമെത്തി പരാതിക്കാരനെ കൊണ്ട് കളിയാക്കിയ കുട്ടിയുടെ മുഖത്തടിപ്പിച്ചു. ഇതോടെ അടിയേറ്റ വിദ്യാര്‍ത്ഥി ഹിന്ദു സംഘടനയിലെ തന്റെ സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. ഇതോടെ ഇവരുടെ സംഘമെത്തി തൊപ്പിയിട്ട കുട്ടിയെ മര്‍ദിച്ചു. തുടര്‍ന്ന് രണ്ട് വിഭാഗക്കാരും ഇതിനെ ചൊല്ലി തുടര്‍ച്ചയായി ഏറ്റുമുട്ടി. രണ്ട് കുട്ടികളുടെ കുടുംബാംഗങ്ങളും ഇതിലുള്‍പ്പെട്ടു. ക്രമസമാധാന പ്രശ്‌നമായതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് ഇതുവരെ എട്ടു പേരെ അറസ്റ്റ് ചെയ്തു. 

രണ്ടു കുട്ടികളും അയല്‍ക്കാരാണ്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്നും പോലീസ് കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും അറിയിച്ച് ഇരു കുടുംബങ്ങളും സമീപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പലതവണ നടന്ന സംഘര്‍ഷത്തില്‍ ആര്‍ക്കും കാര്യമായി പരിക്കില്ല.
 

Latest News