Sorry, you need to enable JavaScript to visit this website.

ക്രിസ്ത്യന്‍ മിഷനറിമാര്‍ നിര്‍ബന്ധ മതംമാറ്റം നടത്തുന്നുവെന്ന് സിഖ് നേതാവ്

അമൃത്‌സര്‍- പഞ്ചാബിലെ അതിര്‍ത്തി മേഖലയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി വരികയാണെന്ന് ഇതിനെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രചരണ പരിപാടികള്‍ തുടങ്ങിയിട്ടുണ്ടെന്നും പരമോന്നത സിഖ് നേതാക്കളില്‍ ഒരാളായ അകാല്‍ തക്ത് ജാഥെദാര്‍ ഗിയാനി ഹര്‍പ്രീത് സിങ് പറഞ്ഞു. 'ഏതാനും വര്‍ഷങ്ങളായി ക്രിസ്ത്യന്‍ മിഷനറിമാര്‍ അതിര്‍ത്തി മേഖലയില്‍ നിര്‍ബന്ധ മതംമാറ്റ പ്രചരണം നടത്തി വരുന്നുണ്ട്. നിഷ്‌കളങ്കരായ പാവങ്ങളെ വഞ്ചിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുകയാണിവര്‍. ഇത്തരത്തിലുള്ള നിരവധി റിപോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്,' ഹര്‍പ്രീത് സിങ് പറഞ്ഞു.

സിഖ് മതവിശ്വാസികളുടെ അഞ്ച് പരമോന്നത ആത്മീയ കേന്ദ്രങ്ങളിലൊന്നായ അകാല്‍ തക്ത് മേധാവിയും മുഖ്യപുരോഹിതനുമാണ് ഗിയാനി ഹര്‍പ്രീത് സിങ്. ദളിത് സിഖ് കൂടിയാണ് അദ്ദേഹം. നിര്‍ബന്ധ മതംമാറ്റ ശ്രമങ്ങള്‍ സിഖ് മതത്തിനെതിരായ അപകടകരമായ നീക്കമാണെന്നും ഇതു തടയാന്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ഇന്ത്യയിലൊട്ടാകെ പ്രചരണ പരിപാടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സിഖ് ഗുരുദ്വാരകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പരമോന്നത സിഖ് സംഘടനയാണ് എസ്ജിപിസി. 

അതിര്‍ത്തി ഗ്രാമങ്ങളിലെ ദളിതര്‍ നേരിടുന്ന വിവേചനങ്ങളും അവരുടെ ദാരിദ്ര്യവും നിരക്ഷരതയുമാണ് ഈ നിര്‍ബന്ധ മതപരിവര്‍ത്തനങ്ങള്‍ക്ക് ഒരു കാരണമെന്ന് ദളിത് ന്യൂനപക്ഷ സംഘടനാ നേതാവായ ഡോ. കശ്മീര്‍ സിങ് പറയുന്നു. മതംമാറിയാല്‍ വിദേശരാജ്യങ്ങളില്‍ പോയി സെറ്റില്‍ ആകാം എന്നാണ് ഇവരെ പ്രലോഭിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍ ദളിതരെ വീട്ടിലെത്തി കണ്ടാണ് പറഞ്ഞ് വിശ്വസിപ്പിക്കുന്നത്. എന്നാല്‍ എസ്ജിപിസി ഇങ്ങനെ ഒരു ശ്രമം നടത്തുന്നില്ല. ദളിത് സമുദായത്തില്‍ നിന്ന് കൂടുതല്‍ എസ്ജിപിസി പ്രബോധകര്‍ വരണം, എസ്ജിപിസിയിലും സ്ഥാപനങ്ങളിലും ദളിത് സമുദായത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുകയും ചെയ്താണ് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News