Sorry, you need to enable JavaScript to visit this website.
Saturday , October   16, 2021
Saturday , October   16, 2021

ഫ്രറ്റേണിറ്റി ഫോറം അക്കാദമിക് എക്‌സലൻസി അവാർഡ്

ദമാം ഫ്രറ്റേണിറ്റി ഫോറം അക്കാദമിക് എക്‌സലൻസി അവാർഡ് ചടങ്ങിൽനിന്ന്.
  • നൂറോളം കുട്ടികളെ ആദരിച്ചു


ദമാം- ഇക്കഴിഞ്ഞ 10, 12 (സി.ബി.എസ്.ഇ) ക്ലാസുകളിലെ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ആദരവ് നൽകുന്നതിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കൻ പ്രവിശ്യാ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ ഇക്കണോമിക്ക്, കൊമേഴ്സ്യൽ, സ്‌കൂൾ നിരീക്ഷണ കാര്യ ചുമതലയുള്ള സെക്കന്റ് സെക്രട്ടറി അസീം അൻവർ (ഐ.എഫ്.എസ്) വെബിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ എന്നും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഏത് തരം പ്രതിസന്ധികൾ മുന്നിൽ വന്നാലും ആത്മവിശ്വാസം കൈവിടാതെ മുന്നേറണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു.

കോവിഡ് മഹാമാരി വിദ്യാലയ ജീവിതത്തിൽ വരുത്തിയ പുതിയ പഠന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികൾക്കാണ് ഫോറം ആദരവ് നൽകിയത്. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ദമാം, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ജുബൈൽ, അൽമുന ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ദമാം, അൽ ഖൊസാമ ഇന്റർനാഷണൽ സ്‌കൂൾ ദമാം, ഡ്യൂൻസ് ഇന്റർനാഷണൽ സ്‌കൂൾ അൽകോബാർ എന്നിങ്ങനെ കിഴക്കൻ പ്രവിശ്യയിലെ അഞ്ച് വിദ്യാലയങ്ങളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവരെയാണ് ആദരവിനായി തെരഞ്ഞെടുത്തത്. കോവിഡ് കാല സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഫോറത്തിന്റെ വിവിധ ചാപ്റ്റർ ഭാരവാഹികൾ കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി മെമന്റൊ നൽകുകയായിരുന്നു. കോവിഡ് കാലത്തെ പുതിയ ഓൺലൈൻ പഠനാനുഭവത്തിൽ വിദ്യാർത്ഥികൾക്ക് എല്ലാ വിധത്തിലും ആശ്വാസമാകുന്ന തരത്തിൽ ക്ലാസ്സുകൾ ക്രമീകരിക്കുകയും ആത്മവിശ്വാസത്തോടെ അവരെ പഠന പ്രവർത്തനങ്ങളിലും ശേഷം വാർഷിക പരീക്ഷകൾക്കും സജ്ജമാക്കിയ വിദ്യാലയങ്ങൾക്കും ഫോറം ആദരവ് നൽകി. ഓരോ വിദ്യാലയങ്ങളിലും നേരിട്ടെത്തി പ്രധാന അധ്യാപകർക്കാണ് ഫോറം ഭാരവാഹികൾ മെമന്റൊ നൽകി ആദരവ് പ്രകടിപ്പിച്ചത്.

പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ മുഴുവൻ വിജയികളുടെയും കുടുംബസമേതമുള്ള സംഗമമാണ് സമാപന പരിപാടിയായി ഉദ്ദേശിച്ചിരുന്നതെങ്കിലും ഒത്തുകൂടലുകൾക്കും കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ സമാപന പരിപാടി വെബിനാർ ആക്കി മാറ്റുകയായിരുന്നു. എംബസി പ്രതിനിധി, സ്‌കൂൾ പ്രിൻസിപ്പൽമാർ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ അതിഥികളായെത്തിയ സമാപന പരിപാടി വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പുതിയൊരു അനുഭവമായിരുന്നു. പ്രവാസ ലോകത്ത് ഫ്രറ്റേണിറ്റി ഫോറം ചെയ്ത് കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളുടേയും അക്കാദമിക് എക്‌സലൻസ് പ്രോഗാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും അനുമോദനം നൽകിയതിന്റേയും വ്യത്യസ്ത വീഡിയൊകൾ വെബിനാറിൽ പ്രദർശിപ്പിച്ചു.

വിദ്യാർത്ഥികൾ ഭാവിയിലെ രാഷ്ട്ര നിർമ്മിതിയിൽ നിർമ്മാണാത്മകമായ പങ്ക് വഹിക്കേണ്ടവരാണെന്നും ക്രിയാത്മകമായ വിദ്യാഭ്യാസം അതിനായി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടതുണ്ടെന്നും ഫ്രറ്റേണിറ്റി ഫോറം അതിനുതകുന്ന നിലയിൽ എല്ലാവിധ പിന്തുണയുമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി വിദ്യാർത്ഥികൾക്കൊപ്പമുണ്ടാകുമെന്നും പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച ഫോറം കിഴക്കൻ പ്രവിശ്യാ സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ പറഞ്ഞു. പ്രവിശ്യയിലെ പ്രമുഖ സ്‌കൂൾ പ്രിൻസിപ്പൽമാരായ മെഹനാസ് ഫരീദ്, ഡോ.നൗഷാദ് അലി, കെ.പി മമ്മു മാസ്റ്റർ, സുമയ്യ മുഹമ്മദ് ആരിഫ് എന്നിവർക്ക് പുറമെ ഡോ.ഇർഫാൻ ഹമീദ് ഖാൻ, ഡോ.ഫയാസ് അഹ്മദ്, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് അബ്ദുൽ വാരിസ്, റിഹാൻ ആലം സിദ്ദീഖി, അബ്ദുൽ റഊഫ് പി.വി തുടങ്ങി സാമൂഹിക സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ടോപ്പർ വിദ്യാർത്ഥികളായ ആരവ് കമ്മത്ത് (ഗോവ), ഉസ്മാഖാൻ (യു.പി), ഫിർദൗസ് ഫാത്തിമ (ഒഡിഷ), ആശിഷ് ഷിബു (കേരള), സന്ദീപ് ശ്രീനിവാസൻ (തമിഴ്‌നാട്), സാഖിബ് മുഹമ്മദ് (തെലങ്കാന) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 300 ൽപരം പേരുടെ പങ്കാളിത്തമുണ്ടായിരുന്ന വെബിനാറിൽ ഫോറം കർണാടക ചാപ്റ്റർ കമ്മിറ്റി അംഗം ആഷിക്ക് മച്ചാർ അവതാരകനായിരുന്നു. ഫോറം ദമാം കർണാടക ചാപ്റ്റർ കമ്മിറ്റി അംഗം മിഅറാജ് അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.

Tags

Latest News