Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ വിൽക്കുന്ന 64 ശതമാനം ആന്റിബയോട്ടിക്കുകളും അനുമതി ഇല്ലാത്തവ

ന്യൂദൽഹി- പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായ അമിത ആന്റിബയോട്ടിക് ഉപയോഗമുള്ള ഇന്ത്യയിൽ വിപണിലുള്ള 64 ശതമാനം ആന്റിബയോട്ടിക് മരുന്നുകളും അനുമതിയില്ലാത്തവയെന്ന് പുതിയ പഠനം. ബഹുരാഷ്ട്ര മരുന്നു കമ്പനികളടക്കം യാതൊരു നിയന്ത്രണവുമില്ലാതെയാണ് അനധികൃത ആന്റിബയോട്ടിക് മരുന്നുകൾ വിറ്റഴിക്കുന്നതെന്നും ലണ്ടനിലെ ക്യൂൻസ്‌മേരി യൂണിവേഴ്‌സിറ്റി, ന്യൂകാസിൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ യു.എസ്, യു.കെ എന്നിവിടങ്ങളിലും അനുമതിയില്ലാത്തവയാണ് ഈ മരുന്നുകളെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ക്ലിനിക്കൽ ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ് ഡി സി) ആന്റിബയോട്ടിക് മരുന്നുകളുടെ 118 വകഭേദങ്ങളാണ് 2007നും 2012നുമിടയിൽ ഇന്ത്യയിൽ വിറ്റഴിച്ചത്. ഇവയിൽ 64 ശതമാനത്തിനും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിൽപ്പനാനുമതി ഉണ്ടായിരുന്നില്ല. ഈ അനുമതിയില്ലാത്ത മരുന്നുകൾ ഇന്ത്യയിൽ വിൽക്കുന്നത് നിയമവിരുദ്ധമാണ്. ഇവയിൽ വെറും നാലു ശതമാനം മരുന്നുകൾ മാത്രമാണ് യുഎസിലും യുകെയിലും വിൽപ്പനാനുമതിയുള്ളത്.

അമിത ആന്റിബയോട്ടിക് മരുന്നുപയോഗം കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിന്റെ പ്രത്യാഘാതമെന്നോണം രോഗികളിൽ മരുന്നു പ്രയോഗം ഏൽക്കാത്ത പ്രശ്‌നവും ഇന്ത്യയിൽ കൂടുതലാണ്. അനുമതിയില്ലാത്ത എഫ് ഡി സി ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം ശരീരത്തിൽ മറ്റു മരുന്നുകൾ ഫലിക്കാതെ വരാൻ കാരണമാകും. 

500ഓളം മരുന്നു കമ്പനികൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന 3,300ലേറെ ബ്രാൻഡ് നാമങ്ങളിലാണ് ഈ ആന്റിബയോട്ടിക്കുകൾ ഇന്ത്യയിൽ വിൽക്കുന്നത്. ഈ കമ്പനികളിൽ 12 എണ്ണം ബഹുരാഷ്ട്ര കമ്പനികളാണ്.  അബട്ട്, ആസ്ട്ര സെനിക, ബക്സ്റ്റർ, നൊവാർട്ടിസ്, ഫിസർ, സനോഫി ആവെന്റിസ്, ബയെർ, ഗ്ലാക്‌സോസ്മിത്ത് ക്ലെൻ എന്നീ ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ 148 ബ്രാൻഡുകളിലായുള്ള എഫ് ഡി സി ആന്റിബയോട്ടിക്കുകളിൽ 45 ശതമാനത്തിനും ഇന്ത്യയിൽ വിൽപ്പനാനുമതിയില്ലെന്നും പഠനം പറയുന്നു.
 

Latest News