Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരി മൂല്യം 300 ബില്യൺ കവിഞ്ഞു

റിയാദ് - സൗദിയിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ ആകെ മൂല്യം 30,000 കോടി റിയാൽ കവിഞ്ഞു. സൗദികളായ വ്യക്തിഗത നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം 81,600 കോടി റിയാലായും ഉയർന്നിട്ടുണ്ട്. 
കഴിഞ്ഞ വാരാവസാനത്തിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥയിലുള്ള ഓഹരി മൂല്യം 30,460 കോടി റിയാലായാണ് ഉയർന്നത്. സെപ്റ്റംബർ 30 ന് അവസാനിച്ച വാരത്തിൽ ഇത് 29,880 കോടി റിയാലായിരുന്നു. ഒരാഴ്ചക്കിടെ വിദേശ നിക്ഷേപകരുടെ ഓഹരികളുടെ മൂല്യത്തിൽ 580 കോടി റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. സൗദി ഓഹരി വിപണിയുടെ ആകെ മൂല്യത്തിന്റെ 2.96 ശതമാനം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. 
കഴിഞ്ഞ വാരാവസാനത്തോടെ സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ മൂല്യം 10.306 ട്രില്യൺ റിയാലായി ഉയർന്നു. 
തൊട്ടു മുൻ വാരത്തിൽ ഇത് 10.071 ട്രില്യൺ റിയാലായിരുന്നു. ഒരാഴ്ചക്കിടെ സൗദി നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ ആകെ മൂല്യത്തിൽ 22,961 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി നിക്ഷേപകരുടെ ഉടമസ്ഥതയിൽ ആകെ 9.951 ട്രില്യൺ റിയാലിന്റെ ഓഹരികളുണ്ട്. 
സൗദികളായ വ്യക്തിഗത നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യത്തിൽ ഒരാഴ്ചക്കിടെ 120 കോടി റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വാരാന്ത്യത്തോടെ സ്വദേശികളായ വ്യക്തിഗത നിക്ഷേപകരുടെ ഉടമസ്ഥതയിൽ 81,619 കോടി റിയാലിന്റെ ഓഹരികളുണ്ട്. ഇക്കാലയളവിൽ ഗൾഫ് നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം 5,115 കോടി റിയാലായി കുറഞ്ഞു. 
കഴിഞ്ഞ വർഷം കൊറോണ മഹാമാരി പ്രത്യാഘാതങ്ങൾ മൂലം ശ്രദ്ധേയമായ നിലയിൽ കുറഞ്ഞ എണ്ണ വില ഈ വർഷം മെച്ചപ്പെട്ടതിന്റെയും കമ്പനികൾ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെയും ഫലമായി ഈ കൊല്ലം സൗദി ഓഹരി വിപണി 30 ശതമാനം തോതിൽ ഉയർന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയിൽ 65 ലക്ഷം സൗദികളായ വ്യക്തിഗത നിക്ഷേപകരുണ്ട്. വിദേശ നിക്ഷേപകർ കാൽ ലക്ഷത്തിൽ കൂടുതലാണ്. സൗദി നിക്ഷേപകരുടെ ഉടമസ്ഥതയിൽ സൗദി ഓഹരി വിപണിയിൽ ഒരു കോടിയോളം പോർട്ട്‌ഫോളിയോകളുണ്ട്.

Latest News